പനങ്ങാട്: ചേപ്പനം കായലിൽ രാത്രികാലങ്ങളിൽ അറവുമാലിന്യം തളളി കായൽ മലിനീകരിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി.കുമ്പളം പഞ്ചായത്ത്കമ്മറ്റി പനങ്ങാട് പൊലീസിനും,ആരോഗ്യവകുപ്പ് അധികൃതർക്കും പരാതി നൽകി.

രാത്രികാലങ്ങളിൽ പെട്ടിവണ്ടികളിൽ കയറ്റി ചാക്കുകെട്ടുകളിൽ കൊണ്ടുവന്നാണ് ഇറച്ചി മാലിന്യങ്ങൾ തളളുന്നത്.മൃഗങ്ങളുടെ കുടലും എല്ലും തുടങ്ങി നൂറ്കണക്കിന് കിലോ ഇറച്ചി വേസ്റ്റണ് കായലിൽ തളളുന്നത്. ഇറച്ചി വെട്ടുനടക്കുന്ന ശനി ഞായർ ദിവസങ്ങളിലാണ് ഏറെയും മൃഗാവശിഷ്ടങ്ങൾ നേരം പുലരും മുമ്പേതന്നെ കായലിലുടെ ഒഴുകിയെത്തുന്നത്.

#ബി.ജെ.പി സമരത്തിലേക്ക്

ഒഴുകിയെത്തുന്ന വേസ്റ്റുകൾ ചേപ്പനം-പനങ്ങാട് ബണ്ടിലുളള പാലത്തിന്റെ കാലുകൾക്കിടയിലും തീരങ്ങളിലെ വീട്ടുകാരുടെ കടവുകളിലും, വന്നടിഞ്ഞ് ദുർഗന്ധം വമിക്കുകയാണെന്ന് നാട്ടുകാരും പറയുന്നു.നിരവധിതവണ പരാതികൾ നൽകിയിട്ടും അധികൃതർ നടപടിയെടുക്കാത്തിൽ ബി.ജെ.പി ശക്തമായ സമരപരിപാടികൾ ആസൂത്രണം ചെയ്തു വരികയാണെന്ന് ഭാരവാഹികൾ പറഞ്ഞു. പരാതിപ്പെടുന്നവർക്കെതിരെ ഗുണ്ടകളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയാണെന്നും ബി. ജെ. പി. പ്രവർത്തകർ പൊലീസിൽ കൊടുത്തപരാതിയിൽ പറഞ്ഞു.