barje
കൊച്ചി അഴിമുഖത്തേക്ക് ചളിയുമായി വരുന്ന ബാര്‍ജ്

വൈപ്പിൻ : ലോക്ക് ഡൗണിന്റെ ആദ്യഘട്ടം കരയും കായലും ക്ലീനായി. എന്നാൽ, ഇളവുകൾ പ്രാഭല്യത്തിൽ വന്ന് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചതോടെ കഥയാകെ മാറി. വില്ലിംഗ്ടൺ ഐലൻഡിലെ വമ്പൻ നിർമിതിക്കായി നടക്കുന്ന പൈലിംഗ് മാലിന്യം കൊണ്ട് തള്ളുന്നത് കൊച്ചി തുറമുഖത്ത് ! ബാർജുകളിലാണ് ചളി തള്ളൽ. മാലിന്യം തള്ളൽ പതിവായതോടെ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ.

കിട്ടാനില്ല മീൻ

ചളി തള്ളൽ പതിവായതോടെ കൊച്ചി തീരത്ത് മത്സ്യലഭ്യത കുത്തനെ കുറഞ്ഞു. ഇത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെയും ചീനവല തൊഴിലാളികളെയും സാരമായി ബാധിച്ചു. പല കുടുംബങ്ങളും പട്ടിണിയുടെ വക്കിലാണ്. വല്ലാർപാടം കണ്ടെയ്‌നൻ ടെർമിനലിലേക്ക് മദർ ഷിപ്പുകൾ എത്താനായി വൻ തുക നൽകി കൊച്ചിൻ പോർട്ട് ദിനം പ്രതി മണ്ണും ചളിയും നീക്കികൊണ്ടിക്കെയാണ് ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് അഴിമുഖത്ത് ചളി നിക്ഷേപം നടത്തുന്നത്. കൊച്ചിൻ പോർട്ട് അധികൃതരും നിർമ്മാണ കരാർ കമ്പനിയും തമ്മിലുള്ള ഒത്തുകളിയാണ് ഇതിന് പിന്നിലെന്നാണ് ആക്ഷേപം.

30ട്രിപ്പ്

ഷിപ്പിംഗ് വാട്ടർ ഡോക് പ്രൊജക്ട് മേഖലയിൽ നിന്നാണ് ബാർജ് പുറപ്പെടുന്നത്. ഐലൻഡിൽ നിന്നും അഴിമുഖത്തേക്ക് യാത്ര തിരിക്കുന്ന ബാർജിന്റെ ഷട്ടറുകൾ തുറന്നിടും. ബാർജ് രണ്ടാം ബോയയുടെ അടുത്ത് എത്തുമ്പോൾ ചളിയും വെള്ളവും ഒഴുകി തീരും. തുടർന്ന് ബാർജുകൾ വളച്ച് തിരിച്ചുപോകും. പ്രതിദിനം നാല് ബാർജുകളിലായി മുപ്പതോളം ട്രിപ്പുകളാണ് അഴിമുഖത്ത് തള്ളുന്നത്.