കൊച്ചി: ആശങ്കകളും അവ്യക്തതയും മാറുന്നില്ലെങ്കിലും ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ സ്‌കൂളുകൾ തയ്യാറെടുക്കുന്നു. സി.ബി.എസ്.ഇ., എയ്ഡഡ്, സർക്കാർ സ്കൂളുകളും ഓൺലൈൻ സാദ്ധ്യതകളുടെ പിന്നാലെയാണ്.
ഗൂഗിൾ, സൂം, വാട്സ് ആപ്പ് തുടങ്ങിയവ വഴി ഗ്രൂപ്പ് കോളുകളിലൂടെയുള്ള ഓൺലൈൻ ക്ലാസുകളും വാട്സ് ആപ്പ് ഗ്രൂപ്പുകൾ വഴി റെക്കാർഡ് ചെയ്ത ക്ളാസുകളും നോട്ടുകളും അയക്കാനുമാണ് തീരുമാനം. ക്ലാസുകളുടെ നടത്തിപ്പു സംബന്ധിച്ച് സ്കൂൾ അധികൃതർക്കും രക്ഷിതാക്കൾക്കും കുട്ടികൾക്കും ആശങ്കകൾ തുടരുകയാണ്.
സർക്കാർ സ്കൂളുകളിൽ പി.ടി.എയും പൂർവവിദ്യാർത്ഥികളും പിന്തുണയുമായി രംഗത്തുണ്ട്.
പ്ലസ് ടു, പത്ത്, ഒമ്പതാം ക്ലാസ് വിദ്യാർത്ഥികൾക്ക് സി.ബി.എസ്.ഇ സ്കൂളുകൾ ഓൺലൈൻ ക്ലാസുകൾ മേയ് പകുതിയോടെ ആരംഭിച്ചിരുന്നു. മറ്റു വിദ്യാർത്ഥികൾക്ക് സൗകര്യം ഒരുക്കുന്നതിന് വിവരശേഖരണവും രക്ഷിതാക്കളുടെ ഓൺലൈൻ യോഗങ്ങളും പുരോഗമിക്കുകയാണ്. ജൂൺ ആദ്യ വാരത്തോടെ ക്ലാസുകൾ ആരംഭിക്കുകയാണ് ലക്ഷ്യം.
സർക്കാർ സിലബസിനേക്കാൾ കഠിനമാണ് സംസ്ഥാനത്തെ സി.ബി.എസ്.ഇ സ്‌കൂളുകളിൽ ഓൺലൈൻ പഠനം. വിദ്യാഭ്യാസ ചാനൽ വഴി സി.ബി.എസ്.ഇ ക്ലാസുകൾ ലഭ്യമായിട്ടില്ല. പലവിധ ആപ്ലിക്കേഷനുകൾ വഴിയാണ് പാഠഭാഗങ്ങൾ ലഭ്യമാക്കുന്നത്.
രക്ഷിതാക്കളുമായി ഓൺലൈൻ യോഗം
രക്ഷിതാക്കളുമായി സ്‌കൂൾ മാനേജ്‌മെന്റുകൾ ഓൺലൈനായി തന്നെ സംവദിച്ചും തുടങ്ങി. ഓൺലൈൻ സംവിധാനങ്ങളുടെ ലഭ്യത, കണക്ടിവിറ്റി, ഉപകരണങ്ങൾ വാങ്ങാനുള്ള സാമ്പത്തിക ശേഷി തുടങ്ങിയ കാര്യങ്ങളെല്ലാം ചർച്ചാവിഷയങ്ങളാണ്. ലാപ്‌ടോപ്, വെബ്കാമറ, മൈക്ക് തുടങ്ങിയവ ലഭ്യമാക്കാൻ സ്കൂളുകൾ നിർദ്ദേശം നൽകി കഴിഞ്ഞു.
അദ്ധ്യാപകർക്കായി ക്ലാസുകൾ
സി.ബി.എസ്.ഇ സ്കൂളുകൾ പലതും അദ്ധ്യാപകർക്ക് പരിശീലനം നടത്തുന്നുണ്ട്.
8600 അദ്ധ്യാപകരാണ് ക്ലാസുകൾക്കായി രജിസ്റ്റർ ചെയ്തത്. എല്ലാ ദിവസവും വൈകിട്ട് നാലു മുതൽ ആറു വരെയാണ് ക്ലാസുകൾ.
പ്രവേശനം പുരോഗമിക്കുന്നു
സ്‌കൂൾ പ്രവേശന നടപടികളും പുരോഗമിക്കുകയാണ്. ഫീസ് പിരിക്കരുതെന്ന് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ടെങ്കിലും പലരും ആദ്യടേം ഫീസ് വാങ്ങിക്കുന്നുണ്ട്. ഒന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് എങ്ങനെ ക്ളാസുകൾ നടത്തുമെന്ന്ധാരണയായിട്ടില്ല.
ഓൺലൈൺ ക്ലാസുകൾക്ക് റെഡി
പല സ്‌കൂളുകളും സ്വതന്ത്രമായ സോഫ്റ്റ്‌വെയർ വഴി ഓൺലൈൻ ക്ലാസുകൾ തുടങ്ങി. സി.ബി.എസ്.ഇ. നിർദ്ദേശങ്ങൾ പാലിച്ച് ക്ലാസുകൾ നടത്തും. സി.ബി.എസ്.ഇ. ചാനൽ വഴി ക്ളാസുകളും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. പ്രാരംഭ ഘട്ടമായി വാട്‌സ് ആപ്പ് വഴി പാഠഭാഗങ്ങൾ ലഭ്യമാക്കുന്നുണ്ട്.
ഡോ. ഇന്ദിര രാജൻ
സെക്രട്ടറി ജനറൽ,
ആൾ ഇന്ത്യാ കൗൺസിൽ ഒഫ് സി.ബി.എസ്.ഇ സ്‌കൂൾസ്
ക്ലാസുകൾ ആരംഭിച്ചു
ഒന്നു മുതൽ അഞ്ചു വരെ വിദ്യാർത്ഥികൾക്ക് റെക്കാർഡ് ചെയ്ത ഡോക്യുമെന്റുകൾ വിതരണം ചെയ്യാനാണ് തീരുമാനം. ആറു മുതലുള്ള കുട്ടികൾക്ക് നിശ്ചിത ടൈംടേബിൾ പ്രകാരം ക്ലാസുകൾ ഓൺലൈനായി നടത്തും. പത്താം ക്ലാസുകാർക്ക് ഗൂഗിൾ വഴി ക്ലാസുകൾ ആരംഭിച്ചു.
രാഖി പ്രിൻസ്
പ്രിൻസിപ്പൽ
ശ്രീനാരായണ വിദ്യാപീഠം