thahasildar
സർവീസില്‍ നിന്നും വിരമിക്കുന്ന മൂവാറ്റുപുഴ തഹസീല്‍ദാര്‍ പി.എസ്.മധുസൂദനന് എല്‍ദോ എബ്രഹാം എം.എല്‍.എ ഉപഹാരം നല്‍കുന്നു

മൂവാറ്റുപുഴ: മൂവാറ്റുപുഴയുടെ ജനകീയ തഹസീൽദാർ പി.എസ്.മധുസൂദനൻ ഇന്നലെ സർവീസിൽ നിന്നും വിരമിച്ചു. 1990ൽ മൂവാറ്റുപുഴ താലൂക്ക് ഓഫീസിൽ ക്ലർക്കായി ജോലിയിൽ പ്രവേശിച്ച മധുസൂദനൻ അതേ താലൂക്ക് ഓഫീസിൽനിന്നും തഹസീൽദാറായിട്ടാണ് വിരമിക്കുന്നത്. റവന്യൂ വകുപ്പിലെ ജോലിക്കിടെ കുന്നത്തുനാട് നിയോജക മണ്ഡലത്തിലെ ഐരാപുരം വില്ലേജ് ഓഫീസറായും, കണ്ണൂർ ജില്ലയിലെ തളിപറമ്പിലും തൃശൂർ ജില്ലയിലെ ചാലക്കുടിയിലും കോട്ടയം ജില്ലയിലെ മീനച്ചിലും തഹസീൽദാറായി ജോലിനോക്കിയിട്ടുണ്ട്. മൂവാറ്റുപുഴ നേരിട്ട രണ്ട് പ്രളയങ്ങളെ തുടർന്നുള്ള സാന്ത്വന പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയതോടെയാണ് മധുസൂദനൻ മൂവാറ്റുപുഴയുടെ ജനകീയ തഹസീൽദാറായി മാറി. മൂവാറ്റുപുഴ താലൂക്കിൽ നടന്ന സഭാ തർക്കത്തിലും ക്രിയാത്മകമായ ഇടപെടലുകളാണ് നടത്തിയത്. കൊവിഡ് 19 മായി ബന്ധപ്പെട്ട് അന്യസംസ്ഥാന തൊഴിലാളികളുടെ പ്രശ്‌നങ്ങളിൽ കുറ്റമറ്റ ഇടപെടലുകളാണ് മധുസൂദനൻ നടത്തിവന്നിരുന്നത്.അവർക്ക് ഭക്ഷണം എത്തിച്ചു കൊടുക്കുന്നതും ഭക്ഷ്യധാന്യ കിറ്റുകൾ എത്തിക്കുന്നതിലടക്കം അദ്ദേഹം ചെയ്ത പ്രവർത്തനങ്ങൾ മൂവാറ്റുപുഴയിലെ ജനങ്ങളുടേയും ജനപ്രതിനിധികളുടെയും അംഗീകാരത്തിന് കാരണമായി. 2018ൽ മികച്ച തഹസീൽദാർക്കുള്ള ജില്ലാ കളക്ടറുടെ അവാർഡിനും അർഹനായി. മൂവാറ്റുപുഴ താലൂക്കിലെ പാമ്പാക്കുട സ്വദേശിയാണ്. അദ്ധ്യാപികയായ ലേഖയാണ് ഭാര്യ. മകൻ വിഷ്ണു കാനഡയിൽ എൻജിനീയററും മകൾ വർഷ എൻജിനീയറിംഗ് വിദ്യാർത്ഥിയുമാണ്. ഇന്നലെ താലൂക്ക് ഓഫീസിൽ നടന്ന ലളിതമായ ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ മധുസൂദനന് ഉപഹാരം നൽകി. ആർ.ഡി.ഒ സാബു.കെ.ഐസക്ക്, മൂവാറ്റുപുഴ ഡി.വൈ.എസ്.പി.അനിൽകുമാർ, എൽ.എ തഹസീൽദാർ അസ്മ ബീവി എന്നിവർ പങ്കെടുത്തു.