ആലുവ: ഭൂഗർഭ പൈപ്പ് പൊട്ടി നടുറോഡിലൂടെ കുടിവെള്ളം പാഴാകുന്നിടത്തും ടാറിംഗ് ! കീഴ്മാട് ഗ്രാമപഞ്ചായത്ത് 17 -ാം വാർഡിൽപ്പെട്ട ഗുരുതേജസ് കവലയിലാണ് കരാറുകാർ 'ഒന്നാന്തരം' ടാറിംഗ് നടത്തി മാതൃകയായത്. ഒറ്റദിവസം കൊണ്ട് ടാറിളകി റോഡ് കുളമായി. ടാറിംഗ് കണ്ട് നാട്ടുകാരെല്ലാം മൂക്കത്ത് വിരൽ വച്ചിരിക്കുകയാണ്. കരാറുകാരന്റെ ബില്ല് പാസാക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി രംഗത്തെത്തിയിട്ടുണ്ട്.
മാസങ്ങളായി ഭൂഗർഭ പൈപ്പ് പൊട്ടി ഇവിടെ കുടിവെള്ളം പാഴാകുകയായിരുന്നു. പലരും വാട്ടർ അതോറിട്ടി അധികൃതരെ വിവരമറിയിച്ചെങ്കിലും ലോക്ക് ഡൗണിന്റെ പേരിൽ അറ്റകുറ്റപ്പണി നടന്നില്ല. ഇതിനിടയിലായിരുന്നു എടയപ്പുറത്തെ റോഡിന്റെ അറ്റകുറ്റപ്പണി. തോട്ടുമുഖം മുതൽ കൊച്ചിൻ ബാങ്ക് കവല വരെ അറ്റകുറ്റപ്പണി നടത്തി. അതിനിടയിൽ ചോർച്ചയുള്ള ഭാഗത്തും ടാറിംഗ് നടത്തി കരാറുകാരൻ സ്ഥലം വിടുകയായിരുന്നു.
ഭൂഗർഭ പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നിടത്തും ടാറിംഗ് നടത്തിയ സംഭവത്തിൽ ബന്ധപ്പെട്ടവർക്ക് പരാതി നൽകും.
എ.എസ്. സലിമോൻ
ജനറൽ സെക്രട്ടറി
കീഴ്മാട് പഞ്ചായത്ത്