തോപ്പുംപടി: ബെവ് ക്യൂ ആപ്പ് പണി പറ്റിച്ചപ്പോൾ ആപ്പിലായത് പൊലീസ് ! കുത്തിയിരുന്ന് ക്യൂർ കോഡ് സംഘടിപ്പിച്ചവരും ആപ്പിൽ കുരുങ്ങിയവരും മദ്യം വാങ്ങാൻ എത്തിയതാണ് പൊലീസിന് പൊല്ലാപ്പായത്. ക്യൂ നീണ്ടതോടെ പലയിടത്തും പൊലീസ് എത്തി നിയന്ത്രണം ഏറ്റെടുത്തെങ്കിലും കാര്യങ്ങൾ കൈവിട്ടു. പള്ളുരുത്തിയിൽ ക്യൂ ആർ കോഡില്ലാത്തവരെ വിരട്ടിയോടിച്ചു. ഇതോടെ ആപ്പ് എന്താണെന്ന് അറിയാത്തവരും മൊബൈൽ ഫോൺ ഇല്ലാത്തവരെയും നിരാശരാക്കി.

ആപ്പ് ചതിച്ചെങ്കിലും

ബാറുകാർ കൈവിട്ടില്ല

പുലർച്ചെ മുതൽ ബെവ് ക്യൂ ആപ്പിൽ കുത്തിയിരുന്നവർക്ക് വരെ ഒ.ടി.പി കിട്ടിയില്ല. ചിലർക്ക് ഒ.ടി.പി കിട്ടി. എന്നാൽ ക്യൂആർ കോഡ് വന്നില്ല. എന്നാൽ തോപ്പുംപടിയിൽ ആപ്പുമായും അപ്പില്ലാതെയും എത്തിയവർക്കെല്ലാം ചില ബാറുകൾ മദ്യം നൽകി. അതേസമയം ക്യൂ ആർ കോഡുമായി എത്തിയിട്ടും കുമ്പളങ്ങിയിലെ ബാറിൽ നിന്നും മദ്യം ലഭിച്ചില്ല. സ്റ്റോക്ക് എത്തിയില്ലെന്നാണ് ബാറുകാർ അറിയിച്ചത്. ഉച്ചക്ക് രണ്ടരയോടെ സ്റ്റോക്ക് എത്തിയപ്പോൾ രാവിലെ, ഉച്ചക്ക് എന്നിങ്ങനെ മദ്യം വാങ്ങാൻ സമയം കൊടുത്തവർ എല്ലാവരും കൂട്ടമായി എത്തി. ഇതോടെ ക്യൂ നീണ്ടു.പലരും മണിക്കൂറുകൾ ക്യൂവിൽ നിന്നാണ് മദ്യം വാങ്ങിയത്.

കിട്ടിയത് കിട്ടി

ക്യൂആർ കോഡുമായി ബാറിലും ബിവറേജിലും എത്തിയർക്ക് മദ്യം കിട്ടിയെങ്കിലും മുഖത്ത് ആ സന്തോഷം ഉണ്ടായില്ല. ഇഷ്ടപ്പെട്ട ബ്രാൻഡ് കിട്ടാത്തതായിരുന്നു കാരണം. പടിഞ്ഞാറൻ കൊച്ചിയിലെ പല ബിവറേജസ് ഔട്ട്ലറ്റുകളും തിരക്കുണ്ടായില്ല. ഫോൺ വഴി ബുക്ക് ചെയ്ത പലർക്കും ബാറുകളിലേക്കാണ് ക്യൂആർ കോഡ് ലഭിച്ചത്. അതേസമയം, അടുത്ത രണ്ട് ദിവസം മദ്യശാലകൾക്ക് അവധി നൽകിയത് മദ്യപൻമാരെ നിരാശരാക്കിയിട്ടുണ്ട്.