
കൊച്ചി: മടങ്ങിയെത്തുന്ന പ്രവാസികൾ സർക്കാർ ചെലവിലാണ് ക്വാറന്റൈനിൽ കഴിയുന്നതെന്നും,
ചെലവ് സ്വയം വഹിക്കണമെന്ന ഉത്തരവില്ലെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.
പ്രവാസികൾ 14 ദിവസത്തെ ക്വാറന്റൈനിൽ കഴിയണമെന്നും ,ഏഴു ദിവസത്തെ ചെലവ് സ്വയം വഹിക്കണമെന്നുമുള്ള .കേന്ദ്രനിർദ്ദേശം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദുബായിലെ കേരള മുസ്ലീം കൾച്ചറൽ സെന്റർ അംഗം ഇബ്രാഹിം എളേറ്റിലടക്കം നൽകിയ ഹർജികളിലാണിത്. കേരളത്തിലിതുവരെ ഈ നിർദ്ദേശം നടപ്പാക്കിയിട്ടില്ലെന്ന് സർക്കാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.
ക്വാറന്റൈന്
14,000 രൂപ
പ്രവാസികളുടെ യാത്രയ്ക്കും കൊവിഡ് ടെസ്റ്റിനുമുള്ള ചെലവുകൾക്കു പുറമേ, ക്വാറന്റൈന് 14,000 രൂപ വീതം ചെലവു വരുമെന്ന് , ഹൈക്കോടതിയുടെ ചോദ്യത്തിന് അഡിഷണൽ എ.ജി മറുപടി നൽകി. ലക്ഷക്കണക്കിന് പ്രവാസികൾ മടങ്ങി വരുന്നതിനാൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നും സർക്കാർ വ്യക്തമാക്കി.
പ്രവാസികളെ മടക്കി കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മേയ് ആദ്യം നൽകിയ സത്യവാങ്മൂലത്തിൽ ,ഇവരെ പാർപ്പിക്കാൻ 1.65 ലക്ഷം മുറികൾ സജ്ജീകരിച്ചെന്നും പണം നൽകി ഉപയോഗിക്കാൻ കഴിയുന്ന സൗകര്യവും ഒരുക്കിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞിരുന്നതായി ഹർജിക്കാർ ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്ക് വൻതോതിൽ ലഭിച്ച തുക ഇതിനായി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു.എന്നാൽ, പൊതു പ്രവർത്തകനായ ഹർജിക്കാരൻ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയിട്ടില്ലെന്ന് അഡീ. എ.ജി ചൂണ്ടിക്കാട്ടി. ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകിയാലേ ഹർജി നൽകാനാവൂ എന്നു പറയാനാവില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.