ibrahim-kunju-

കൊച്ചി: കള്ളപ്പണക്കേസിൽ പരാതിക്കാരനായ ഗിരീഷ് ബാബു ബ്ളാക്ക്മെയിലിംഗ് നടത്തുകയാണെന്നും ഇതിനായി രണ്ടു തവണ വീട്ടിലെത്തി പത്തുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് എം.എൽ.എ വിജിലൻസിന്റെ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. എറണാകുളം ഗസ്റ്റ് ഹൗസിൽ നടന്ന ചോദ്യം ചെയ്യൽ നാലു മണിക്കൂർ നീണ്ടു. ഭാവിയിൽ പ്രശ്‌നങ്ങളുണ്ടാക്കില്ലെന്നും ചിലർ തെറ്റിദ്ധരിപ്പിച്ചതിനാലാണ് പരാതി നൽകിയതെന്നും ഗിരീഷ് വെളിപ്പെടുത്തിയിരുന്നു. പണം തരില്ലെന്ന് അറിയിച്ചതോ‌ടെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. ഗിരീഷ് പത്തു വർഷമായി പൊതുതാത്പര്യ കേസുകൾ നൽകുന്നുണ്ട്. ഈ കേസുകളിൽ പലതും ഒത്തുതീർപ്പിലാേ മറ്റ് കാരണങ്ങളാലോ അവസാനം വരെ എത്താത്തതിനെക്കുറിച്ച് അന്വേഷിക്കണം. കേസുമായി ബന്ധപ്പെട്ട് പാർട്ടിയിൽ ഒരു പ്രശ്നവുമില്ലെന്ന് ചോദ്യം ചെയ്യലിന് ശേഷം പുറത്തുവന്ന ഇബ്രാഹിംകുഞ്ഞ് മാദ്ധ്യമ പ്രവർത്തകരോട് വ്യക്തമാക്കി. കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാഹിംകുഞ്ഞ് അഞ്ചു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഗിരീഷിന്റെ പരാതി.

പിൻവലിക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാതിക്ക് പിന്നിൽ ചില ലീഗ് നേതാക്കളാണെന്ന് കത്ത് നൽകാനും പ്രേരിപ്പിച്ചു. ഇബ്രാഹിം കുഞ്ഞിന്റെ ആലുവയിലെ വീട്ടിലേക്ക് വിളിച്ചുവരുത്തിയാണ് കോഴ വാഗ്ദാനം ചെയ്തതെന്നും പരാതിയിലുണ്ട്. ഈ പരാതിയിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് വിജിലൻസ് മൊഴിയെടുത്തത്.