edachira-thodu-
ഇടച്ചിറ തോട് പോളയും,മാലിന്യവും നിറഞ്ഞു

തൃക്കാക്കര: ഇക്കുറിയും കാലവർഷം കനക്കുമെന്ന് മുന്നറിയിപ്പ് വന്നതോടെ വെള്ളക്കെട്ടിലാകുമോയെന്ന് ആശങ്കയിലാണ് ഇൻഫോപാർക്ക്-സ്മാർട്ട്‌സിറ്റി അടങ്ങുന്ന പ്രദേശവാസികൾ.പെരുമഴക്കാലം അടുത്തെത്തിയിട്ടും ഇടച്ചിറ തോട്ടിലെ പോളയും മാലിന്യവും നീക്കിയിട്ടില്ല.കൊല്ലം കുടിമുഗൾ,നവോദയ,കുസുമഗിരി,ലിങ്ക് വാലി,ഇടച്ചിറ തുടങ്ങിയ പ്രദേശങ്ങളിൽ നിന്നും വെള്ളം ഒഴുതിയെത്തുന്നത് ഇടച്ചിറ തോട്ടിലേക്കാണ്. ഇടച്ചിറ പാലം മുതൽ ബ്രഹ്മപുരം പാലം വരെയുള്ള പ്രദേശകളിൽ പോളയും മാലിന്യവും നിറഞ്ഞിരിക്കുകയാണ്. മുൻ കാലങ്ങളിൽ ഇറിഗേഷൻ വിഭാഗമാണ് ഇവിടുത്തെ മാലിന്യം നീക്കം ചെയ്തിരുന്നത്. കഴിഞ്ഞ വർഷം ഒമ്പതുലക്ഷം രൂപയാണ് മാലിന്യനീക്കത്തിന് മാറ്റിവച്ചത്. എന്നാൽ കരാറുകാരൻ കൃത്യമായി ജോലി പൂർത്തിയാക്കിയില്ല. മഴക്കാലത്ത് ഇൻഫോപാർക്ക് - ലിങ്ക് വാലി അടക്കമുള്ള പ്രദേശങ്ങളിൽ വെളളക്കെട്ട് രൂക്ഷമായി.ലിങ്ക് വാലി പ്രദേശത്ത് പത്തോളം വീടുകളിൽ വെള്ളം കയറി.ഇക്കുറിയും ഇൻഫോപാർക്ക്-സ്മാർട്ട്‌സിറ്റി പ്രദേശം വെളളത്തിലാവുമോയെന്ന ആശങ്കയിലാണ് ടെക്കികളും പ്രദേശവാസികളും.

മാലിന്യ വാഹിനിയായി ഇടച്ചിറ തോട്

ഇടച്ചിറ തോടിന്റെ ഇരുവശങ്ങളിലെയും ഫ്ളാറ്റുകളും ഹോട്ടലുകൾ അടക്കമുള്ള കച്ചവട സ്ഥാപനങ്ങളുടെയും മാലിന്യക്കുഴൽ സ്ഥാപിച്ചിരിക്കുന്നത് ഇടച്ചിറ തോട്ടിലേക്കാണ്.മാസങ്ങൾക്ക് മുമ്പ് ഇടച്ചിറ പാലത്തിന് സമീപത്തെ സ്വകാര്യ ഫ്ളാറ്റുകാർ കക്കൂസ് മാലിന്യക്കുഴൽ ഈ തോട്ടിലേക്ക് സ്ഥാപിച്ചിരുന്നു. തൃക്കാക്കര നഗരസഭ ആരോഗ്യ വിഭാഗമെത്തി ഇത് നീക്കം ചെയ്യുകയായിരുന്നു.

ടെക്കികൾക്കും ഭീഷണി

കഴിഞ്ഞ മഴക്കാലത് ഇൻഫോപാർക്ക് പ്രദേശം വെള്ളക്കെട്ടിൽ മുങ്ങി.ടെക്കികളുടെ വാഹനങ്ങളിൽ വെള്ളം കയറി കേടുപാട് സംഭവിച്ചു. രാത്രി ഡ്യൂട്ടി കഴിഞ്ഞു ഇറങ്ങിയ വനിതകൾ അടക്കമുള്ളവർ വെള്ളക്കെട്ടുമൂലം ഓഫീസിൽ നിന്നും പുറത്തിറങ്ങാനായില്ല.കാക്കനാട് നിന്നും ഇൻഫോപാർക്കിലേക്ക് ഓട്ടോ-ക്യാബ് സർവീസുകൾ നിർത്തിവക്കേണ്ട അവസ്ഥവരെ ഉണ്ടായി.


നടപടികൾ സ്വീകരിച്ചുവരുന്നു
ഇടച്ചിറ നവീകരിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു. ലോക്ക് ഡൗൺ മൂലമാണ് നടപടി വൈകിയത്.കഴിഞ്ഞ വർഷം ഒമ്പതുലക്ഷം രൂപ ചെലവഴിച്ചാണ് തോട്ടിലെ പോളയും മാലിന്യവും നീക്കിയത്.

ചിത്ര,

ഇറിഗേഷൻ

അസി .എൻജിനീയർ

പൊതുമരാമത്ത്