പനങ്ങാട്: ഇരുപത് മാസം. പനങ്ങാട് പുത്തൻപുരയിൽ പി.കെ പങ്കജാക്ഷ മേനോൻ വ്യാപാരി വ്യവസായി ക്ഷേമ പെൻഷനായി ഓഫീസുകൾ കയറിയിറങ്ങിയ കാലം. ചെരുപ്പുകൾ തേഞ്ഞതല്ലാതെ ഒരു രൂപ പോലും പെൻഷനായി കിട്ടിയില്ല. ഇപ്പോൾ 77 വയസ് കഴിഞ്ഞു. രോഗബാധിതനായി. തിരുവനന്തപുരത്തെ ഓഫീസിൽ ചെന്നാൽ പ്രശ്നം പരിഹരിക്കാമെന്നാണ് ഒടുവിൽ ലഭിച്ച അറിയിപ്പ്. ലോക്ക് ഡൗൺ മൂലം സാമ്പത്തികമായി ബുദ്ധിമുട്ടിലായ പങ്കജാക്ഷന് തിരുവനന്തപുരത്ത് എത്താൻ മറ്റ് മാർഗമില്ല.
വർഷങ്ങളായി പനങ്ങാട് സ്കൂളിന് സമീപം ചായക്കട നടത്തുകയായിരുന്നു പങ്കജാക്ഷൻ. ഇക്കാലയളവിലാണ് ക്ഷേമ നിധിയിൽ അംഗമായത്. രോഗബാധിതനായതോടെ ചായ കടയ്ക്ക് പൂട്ടിടേണ്ടിവന്നു. ഇപ്പോൾ കടുത്ത ദാരിദ്രത്തിലാണ് കുടുംബം.1500 രൂപയാണ് വാർദ്ധക്യ പെൻഷനായി കട്ടേണ്ടത്. ക്ഷേമ പെൻഷൻ കിട്ടാൻ അധികൃതരുടെ കാരുണ്യം കാത്തിരിക്കുകയാണ് പങ്കജാക്ഷൻ.
കുമ്പളം പഞ്ചായത്തിൽ15 പേർക്ക് വ്യാപാരി വ്യവസായി ക്ഷേമ പെൻഷൻ ലഭിക്കേണ്ടതുണ്ട്.അതിൽ രണ്ട് പേർക്ക് മാത്രമേ പെൻഷൻ ലഭിക്കുന്നുള്ളൂ.ക്ഷേമ പെൻഷൻ ഇനിയും താമസിപ്പിക്കാതെ എത്രയും വേഗം പാസാക്കണം.
രാജപ്പൻ
പ്രസിഡന്റ്
വ്യാപാരിവ്യവസായി സംഘം
പനങ്ങാട് യൂണിറ്റ്