കൊച്ചി : സർവീസിൽ നിന്ന് തരം താഴ്‌ത്തിയതിനെതിരെ ഗുരുവായൂർ ദേവസ്വം മുൻ ഭരണസമിതിയംഗം എൻ. രാജു നൽകിയ ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ഫോർമാനായ തന്നെ രാഷ്ട്രീയ വൈരാഗ്യം മൂലം അറ്റൻഡറായി തരം താഴ്‌ത്തിയെന്നും ഇന്ന് സർവീസിൽ നിന്നു വിരമിക്കാനിരിക്കെ മെഡിക്കൽ ലീവിൽ കഴിയുന്ന തന്നോട് അറ്റൻഡറായി ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചെന്നും ഹർജിയിൽ പറയുന്നു.
മേയ് 31 വരെ ലീവിൽ തുടരാൻ രാജുവിനെ അനുവദിച്ച് സിംഗിൾ ബെഞ്ച് ഉത്തരവായി. ദേവസ്വം അധികൃതർ ഒരു മാസത്തിനുള്ളിൽ മറുപടി സത്യവാങ്മൂലം ഉണ്ടെങ്കിൽ സമർപ്പിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്. 2013 മുതൽ രാജു ഫോർമാൻ തസ്തികയിലാണ്. ഡിസംബറിൽ വാഹനാപകടത്തെത്തുടർന്നാണ് മെഡിക്കൽ ലീവിലായത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്താണ് രാജു ദേവസ്വം ഭരണസമിതിയംഗമായിരുന്നത്.