കൊച്ചി: ട്രെയിൻ ഗതാഗതം ഭാഗികമായി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി നാളെ (തിങ്കൾ) മുതൽ എറണാകുളം -തിരുവനന്തപുരം പാതയിൽ ഒരു സ്‌പെഷ്യൽ ട്രെയിൻ സർവീസ് നടത്തും.

നാളെ മുതൽ കേരളത്തിൽ സർവീസ് തുടങ്ങുന്ന ജനശതാബ്ദി എക്‌സ്‌പ്രസ് അടക്കമുള്ള നാലു സർവീസുകൾക്ക് പുറമെയാണിത്.

കൊല്ലം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം സ്റ്റേഷനുകളിൽ മാത്രമായിരിക്കും സ്റ്റോപ്പ്.

ഒരു എ.സി ചെയർ കാർ, 18 സെക്കൻഡ് ക്ലാസ് ചെയർ കാർ കോച്ചുകൾ.

രാവിലെ 7.45ന് തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06302) ഉച്ചക്ക് 12.30ന് എറണാകുളം ജംഗ്ഷനിലെത്തും. ഉച്ചക്ക് ഒന്നിന് എറണാകുളത്ത് നിന്നുള്ള സർവീസ് (06301) വൈകിട്ട് 5.30ന് തിരുവനന്തപുരത്തെത്തും.

ജൂൺ 10 മുതൽ മൺസൂൺ സമയക്രമത്തിലായിരിക്കും ഈ ട്രെയിനിന്റെ സർവീസ്. തിരുവനന്തപുരത്ത് നിന്ന് പുലർച്ചെ 5.15ന് പുറപ്പെട്ട് 9.45ന് എറണാകുളത്തെത്തും. എറണാകുളത്ത്‌ നിന്നുള്ള സർവീസ് സമയത്തിൽ മാറ്റമില്ല.

തിരുവനന്തപുരത്ത് നിന്നുള്ള ട്രെയിനിന്റെ സമയക്രമം, ബ്രാക്കറ്റിൽ ജൂൺ 10 മുതലുള്ള സമയം:

കൊല്ലം 8.40 (6.10), ചെങ്ങന്നൂർ9.57 (7.25), തിരുവല്ല10.07 (7.35), കോട്ടയം10.42 (8.07). എറണാകുളത്ത് നിന്നുള്ള ട്രെയിനിന്റെ സമയക്രമം: കോട്ടയം ഉച്ചയ്ക്ക് 2 , തിരുവല്ല 2.35, ചെങ്ങന്നൂർ 2.45, കൊല്ലം 4.

# ചെറുവത്തൂർ സ്റ്റേഷനിൽ

സ്റ്റോപ്പില്ല

കൊച്ചി: മുംബയ് ലോക്മാന്യതിലക് ടെർമിനസിനും തിരുവനന്തപുരത്തിനുമിടയിൽ സർവീസ് നടത്തുന്ന നേത്രാവതി എക്‌സ്‌പ്രസിന്റെ (06345, 06346) തിരൂർ സ്റ്റോപ്പ് നിലനിർത്തി. ചെറുവത്തൂർ സ്റ്റേഷൻ ഒഴിവാക്കി. നേരത്തെ തിരൂരിനൊപ്പം ഒഴിവാക്കിയ മറ്റു സ്റ്റോപ്പുകളുടെ കാര്യത്തിൽ മാറ്റമില്ല. എറണാകുളം ജംഗ്ഷനും ഡൽഹിക്കും (ഹസ്രത്ത് നിസാമുദ്ദീൻ) ഇടയിൽ സർവീസ് നടത്തുന്ന പ്രതിദിന പ്രത്യേക ട്രെയിനായ മംഗള ലക്ഷദ്വീപ് എക്‌സ്‌പ്രസിന്റെ (02617/02618) ആലുവ, പട്ടാമ്പി, കുറ്റിപ്പുറം, തിരൂർ,പരപ്പനങ്ങാടി, ഫറോക്, കൊയിലാണ്ടി, വടകര, തലശേരി, പഴയങ്ങാടി, പയ്യന്നൂർ, നീലേശ്വരം, കാഞ്ഞങ്ങാട് സ്റ്റോപ്പുകളും ഒഴിവാക്കിയിട്ടുണ്ട്. ജില്ലാ ആസ്ഥാനങ്ങളിൽ മാത്രമായിരിക്കും ഇരു ട്രെയിനുകൾക്കും സ്റ്റോപ്പുണ്ടാവുക.