കൊച്ചി : മുപ്പതു വർഷം പഴക്കമുള്ള കള്ളനോട്ടു കേസിൽ അന്വേഷണോദ്യോഗസ്ഥൻ കൂറുമാറിയത് അന്വേഷിച്ച് ആറുമാസത്തിനകം റിപ്പോർട്ട് നൽകണമെന്ന് ഡി.ജി.പിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. വിചാരണക്കോടതി ശിക്ഷിച്ചതിനെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് സിംഗിൾ ബെഞ്ചിന്റെ ഉത്തരവ്. സീനിയർ പൊലീസ് ഉദ്യോഗസ്ഥൻ സംഭവം അന്വേഷിച്ച് വീഴ്ചയുണ്ടെന്നു കണ്ടെത്തിയാൽ കേസെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. 1990 മാർച്ച് 21നാണ് 75 ലക്ഷം രൂപയുടെ കള്ളനോട്ടുമായി എട്ടു പ്രതികളെ തൃപ്പൂണിത്തുറ പൊലീസ് പിടികൂടിയത്. 2004 ൽ ഏഴു പ്രതികൾക്ക് അഡി. ജില്ലാ കോടതി മൂന്നു വർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഒരാളെ വെറുതേ വിട്ടു.
2000 ആഗസ്റ്റ് 25ന് കുറ്റപത്രം സമർപ്പിച്ച കേസിലെ മിക്ക സാക്ഷികളും കൂറു മാറി. തങ്ങൾ എത്തുമ്പോൾ പ്രതികൾ സ്ഥലത്തുണ്ടായിരുന്നെന്ന് രണ്ടു പൊലീസുകാർ മൊഴി നൽകി. എന്നാൽ, അന്വേഷണ സംഘത്തലവനായ ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറുടെ മൊഴി മറിച്ചായിരുന്നു. കോടതിയിൽ മൊഴി നൽകുമ്പോൾ ഇയാൾ വിരമിച്ചിരുന്നു.
പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശിവകാശി സ്വദേശികളായ സർമകനി, യേശുദാസ്, സമ്പത്ത്, ആരോഗ്യദാസ്, ഗോപി, ഇടുക്കി സ്വദേശികളായ ജോൺസൺ ജോണി, തോമസ് എന്നിവരെ ശിക്ഷിച്ചത്.
അവിശുദ്ധ കൂട്ടുകെട്ട്
സംശയിക്കണം: ഹൈക്കോടതി
രണ്ട് പൊലീസുകാരുടെ മൊഴി വച്ച് മാത്രം ശിക്ഷിക്കാനാവില്ല. പ്രതികളും ക്രൈംബ്രാഞ്ച് ഇൻസ്പെക്ടറും തമ്മിൽ അവിശുദ്ധ കൂട്ടുകെട്ടുണ്ടായിരുന്നെന്ന് സംശയിക്കണം
സെർച്ച് നടത്തുമ്പോൾ മാന്യരും സ്വതന്ത്രരുമായ സാക്ഷികൾ വേണം. എന്നാൽ സ്റ്റേഷനിലുണ്ടായിരുന്ന കൊലക്കേസ് പ്രതിയും ചായവില്പനക്കാരനുമാണ് ഇവിടെ സാക്ഷി
കുറ്റപത്രം വൈകിയതിനാൽ സാക്ഷികൾക്ക് പ്രതികളെ തിരിച്ചറിയാനായില്ല. പ്രതികളെ രക്ഷിക്കാനാണ് വൈകിച്ചതെന്ന് പ്രഥമദൃഷ്ട്യാ വ്യക്തം
ഉദ്യോഗസ്ഥൻ വിരമിച്ച ശേഷം കൂറുമാറിയത് അന്വേഷിക്കണം. പൊലീസുകാർ ശരിയായി തെളിവു നൽകുന്നെന്ന് ഉറപ്പാക്കേണ്ടത് ഡി.ജി.പിയാണ്