പറവൂർ: പറവൂരിന് പുനർജനി പദ്ധതിയിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് സി.പി.ഐ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് അടുത്ത ആഴ്ച സർക്കാരിന് പരാതി നൽകുമെന്ന് നേതാക്കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. പുനർജനി പദ്ധതിയിൽ കോടിക്കണക്കിനു രൂപ വിദേശത്തു നിന്നും പിരിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ ഈ പദ്ധതിയുടെ വരവു ചെലവ് കണക്കുകൾ വി.ഡി.സതീശൻ എം.എൽ.എ പുറത്തു പറഞ്ഞിട്ടില്ല. പുനർജനി പദ്ധതിക്ക് 2020 മാർച്ച് വരെ എത്രരൂപ കിട്ടിയെന്നും ആരൊക്കെ സംഭാവന നൽകിയതെന്നും ആർക്കൊക്കെ എത്രരൂപ വീതം നൽകിയെന്നും വെളുപ്പെടുത്തണം. പദ്ധതി പൂർത്തിയായിട്ട് കണക്കുകൾ പുറത്തുവിടുമെന്ന എം.എൽ.എയുടെ ഭാഷ്യം ശരിയല്ല. പറവൂർ കച്ചേരി കോമ്പൗണ്ട് മോടിപിടിപ്പിക്കുന്നതിന് രണ്ട് കോടിയോളം രൂപ ചെവഴിച്ചു. ഇന്നത്തെ കച്ചേരി കോമ്പൗണ്ടിന്റെ അവസ്ഥ കണ്ടാൽ ഇതിലെ അഴിമതി തിരിച്ചറിയാനാകും.വിമർശിക്കുന്നവരെ വ്യക്തിപരമായി ആക്ഷേപിക്കുന്നത് എം.എൽ.എയുടെ സ്ഥിരം ശൈലിയാണ്.പത്രസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി. രാജു, നേതാക്കളായ എം.ടി. നിക്സൺ, കെ.ബി. അറുമുഖൻ, കെ.പി. വിശ്വനാഥൻ, എസ്. ശ്രീകുമാരി,എ.കെ. സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
അപകീർത്തിപ്പെടുത്താനുള്ള ശ്രമം: വി.ഡി.സതീശൻ
തിരഞ്ഞെടുപ്പടുക്കുമ്പോൾ തന്നെ അപകീർത്തിപ്പെടുത്താനും അപമാനിക്കാനും ഇടതുപക്ഷ കക്ഷികൾ സ്ഥിരമായി നടത്തുന്ന പ്രചരണങ്ങളുടെ തനിയാവർത്തനമാണ് സി.പി.ഐ ആരോപണമെന്ന് വി.ഡി.സതീശൻ എം.എൽ.എ പറഞ്ഞു. പറവൂരിന്റെ മൃതസഞ്ജീവനിയായി മാറിയ പുനർജനി പദ്ധതിയെ താറടിച്ചു കാണിക്കുകയാണ് അവരുടെ ലക്ഷ്യം. മൂന്നാഴ്ച കാലം മുമ്പ് സി.പി.എമ്മിന്റെ ഏരിയ സെക്രട്ടറിമാർ ഉന്നയിച്ചതാണ് ഈ ആരോപണങ്ങൾ. ഇതിന് കൃത്യമായി മറുപടി പറയുകയും ചെയ്തു.ഒരു പദ്ധതി പൂർത്തിയാക്കുമ്പോഴാണ് അതിന്റെ കണക്കുകൾ അവതരിപ്പിക്കുന്നത്. പുനർജനിയുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികളുണ്ട്. ഇത് പൂർത്തിയാകുന്ന സമയത്ത് കണക്കുകൾ ഉൾപ്പെടെയുള്ള വിശദ്ധാശങ്ങൾ ജനങ്ങളെ അറിയിക്കും.