കൊച്ചി: പ്രവാസികൾക്ക് സ്വയംതൊഴിലായി ബയോഫ്ലോക്ക് മത്സ്യകൃഷി പഠിപ്പിക്കാൻ ഫിഷറീസ് സമുദ്ര പഠന സർവ്വകലാശാല (കുഫോസ്)​ തയ്യാറെടുക്കുന്നു. 50 ഫിഷറീസ് ഫീൽഡ് ഓഫീസർമാർക്ക് പരിശീലനം നൽകിക്കഴിഞ്ഞു. ഇവർ കർഷകർക്ക് നേതൃത്വം നൽകും.

സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായാണ് ചുരുങ്ങിയ ചെലവിൽ വീട്ടുമുറ്റത്ത് നടത്താവുന്ന ബയോഫ്ലോക്ക് മത്സ്യകൃഷി കുഫോസിലെ ശാസ്ത്രജ്ഞയായ ഡോ.ദേവികപിള്ള വികസിപ്പിച്ചത്.

എന്താണ് ബയോഫ്ലോക്ക്

ബാക്ടീരിയ പോലുള്ള സൂക്ഷ്മ ജീവികളെ ഉപയോഗപ്പെടുത്തിയുള്ള മത്സ്യകൃഷി രീതിയാണിത്. ടാങ്കിൽ ഈ സൂക്ഷ്മ ജീവികളെ നിക്ഷേപിക്കും. കൊടുക്കുന്ന തീറ്റയിൽ നിന്ന് പ്രോട്ടീനെടുത്ത് മീനുകൾ തള്ളുന്ന നൈട്രജനെ ഇവമൈക്രോബിയൽ പ്രോട്ടീനുകളാക്കി മാറ്റും. ഈ സൂക്ഷ്മജീവികളെ മീനുകൾക്ക് കഴിക്കാം. അങ്ങനെ വെള്ളത്തിൽ മാലിന്യമടിയില്ല. വിളവെടുപ്പ് വരെ വെള്ളം മാറ്റേണ്ട. പിലോപ്പിയ ആണ് ഈ കൃഷിക്ക് ഏറ്റവും അനുയോജ്യമായ മത്സ്യം.

കൃഷിക്ക് ആവശ്യമായത്

വെള്ളത്തിന്റെ ഗുണനിലവാരവും ഫ്ലോക്കിന്റെ ഡെൻസിറ്റിയും കൃത്യമായി നിലനിറുത്തിയാൽ ഒരു മീറ്റർ ക്യൂബ് അളവിൽ 100 മീനെന്ന കണക്കിൽ വളർത്താം. 10 മീറ്റർ ക്യൂബിൽ 1000 മീനുകളെ വളർത്താം. 4 മാസം കൊണ്ട് വിൽക്കാൻ പാകത്തിൽ മത്സ്യം വളരും.

ടാങ്ക് നിർമ്മിക്കാൻ - 20,000 രൂപ

മത്സ്യകുഞ്ഞുങ്ങൾക്കും തീറ്റ ഉൾപ്പെടെയുള്ള മറ്റാവശ്യങ്ങൾക്ക് - 5,000

''ടെക്‌നിക്കൽ വശം നന്നായി മനസ്സിലാക്കി, ട്രെയിനിംഗ് നേടിയാൽ ആർക്കും ചെയ്യാവുന്ന വിധത്തിലാണ് ബയോ ഫ്ലോക്ക് മത്സ്യകൃഷി വികസിപ്പിച്ചത്. ഓരോ വീട്ടിലും മത്സ്യം ഉത്പാദിപ്പിക്കാനാവുകയെന്നതാണ് ലക്ഷ്യം.''

ഡോ.ദേവിക പിള്ള

ശാസ്ത്രജ്ഞ

കുഫോസ്

''സുഭിക്ഷ കേരളം പദ്ധതിയിയുടെ ഭാഗമായി ബയോഫ്ലോക്ക് യൂണിറ്റുകൾ സ്ഥാപിക്കാൻ ഫിഷറീസ് വകുപ്പ് സംസ്ഥാന വ്യാപകമായി സഹായം നൽകും.''

ഇഗ്‌നേഷ്യസ് മൺറോ

സംസ്ഥാന ഫിഷറീസ് ജോയിന്റ് ഡയറക്ടർ