കൊച്ചി: സംസ്ഥാനത്തെ സ്‌കൂൾ പരീക്ഷകളെല്ലാം ഇന്നലെ പൂർണ്ണമായി. പ്ലസ് ടു, വി.എച്ച്.എസ്.ഇ. പരീക്ഷകൾ കഴിഞ്ഞതോടെ വിദ്യാർത്ഥികൾക്കും സ്‌കൂൾ അധികൃതർക്കും പരീക്ഷയുടെ പരീക്ഷണകാലം കഴിഞ്ഞു.

അത്യന്തം സുരക്ഷാ മാനദണ്ഡങ്ങളോടെ ഒരാഴ്ച്ചയായി പരീക്ഷകൾ നടന്നു വരികയായിരുന്നു. എസ്.എസ്.എൽ.സി. പരീക്ഷകൾ രണ്ടു ദിവസം മുമ്പേ കഴിഞ്ഞിരുന്നു.

എസ്.എസ്.എൽ.സി. പരീക്ഷയിൽ മൂന്നു വിഷയവും വി.എച്ച്.എസ്.ഇ, പ്ലസ് ടു വിദ്യാർത്ഥികളുടെ രണ്ടു വിഷയത്തിന്റെയും പരീക്ഷയാണ് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചത്.

മേയ് 26ന് ആശങ്കകളോടെ തുടങ്ങിയ പരീക്ഷ കാര്യമായ പരാതികളില്ലാതെ അവസാനിച്ചു.
ജില്ലയിൽ എസ്.എസ്.എൽ.സി എഴുതേണ്ട 31, 724 പേരിൽ ഒരാൾ മാത്രമാണ് വിട്ടുനിന്നത്. 35,224 വിദ്യാർഥികൾ പ്ലസ്‌വൺ പരീക്ഷയും 36,439 പേർ പ്ലസ്ടുവും എഴുതിയിട്ടുണ്ട്.

പരീക്ഷകൾ കർശന സുരക്ഷയോടെ

വിദ്യാർത്ഥികൾക്ക് പരീക്ഷയെഴുതിയാൽ മാത്രം മതിയായിരുന്നെങ്കിൽ സ്‌കൂൾ അധികൃതർക്കും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്കും സുരക്ഷിതമായി പരീക്ഷ എഴുതിയ്ക്കുക എന്നതായിരുന്നു കടമ്പ. കുട്ടികൾ കൂട്ടു കൂടുന്നത് മുതൽ സുരക്ഷിതമായി പരീക്ഷയെഴുതിച്ച് വീട്ടിലെത്തിക്കുന്നതു വരെയുള്ള ചുമതലകൾ അദ്ധ്യാപകരുടെ ചുമലിലായി.

ഗ്യാപ്പിട്ടു ഗുഡ്‌ബൈ

അവസാന പരീക്ഷ കഴിഞ്ഞുള്ള ആഘോഷവും ബഹളവും കണ്ണുനിറഞ്ഞുള്ള വിട പറിച്ചിലൊന്നും ഈ വർഷമുണ്ടായില്ല. വിദ്യാർത്ഥികളെ ഉടനെ വീട്ടിലേക്ക് വിടാൻ പൊലീസും സ്കൂളുകളിലെത്തി.

മൂല്യനിർണയം തിങ്കളാഴ്ച്ച മുതൽ

പരീക്ഷ പേപ്പറുകളുടെ രണ്ടാം ഘട്ടമൂല്യനിർണയം നാളെ തിങ്കൾ ആരംഭിക്കും. ഒന്നാം ഘട്ടം പുരോഗമിക്കുകയാണ്. പരീക്ഷ എഴുതാൻ കഴിയാത്തവർക്ക് സേ പരീക്ഷക്കൊപ്പം വീണ്ടും എഴുതാം.