പറവൂർ: വേലിയിറക്ക സമയത്ത് പെരിയാറിന്റെ കൈവഴിയായ ചേന്ദമംഗലം തെക്കേത്തുരുത്ത് പുഴയുടെ പലഭാഗത്തും വെള്ളം വറ്റുന്നു. എക്കൽമണ്ണു നിറഞ്ഞ് ആഴംകുറഞ്ഞ നിലയിലാണ് പുഴ. അതീതീവ്ര മഴ പ്രവചിച്ച സാഹചര്യത്തിൽ പുഴ കരകവിഞ്ഞൊഴുകാൻ അധികസമയം വേണ്ട. ഇരുപത് അടിയിലേറെ താഴ്ചയുണ്ടായിരുന്ന പുഴയുടെ പല ഭാഗങ്ങളിലും നിലവിൽ അഞ്ചോ ആറോ അടി മാത്രമാണ് ആഴം. 2018ലെ പ്രളയത്തിനു ശേഷമാണ് ഇത്രയേറെ എക്കൽമണ്ണ് അടിഞ്ഞത്. ചിറകെട്ടാത്ത സ്ഥലങ്ങളിൽ പുഴയുടെ അരിക് ഇടിഞ്ഞിട്ടുണ്ട്. കഴിഞ്ഞ പ്രളയത്തിൽ തെക്കേത്തുരുത്തിലുള്ള 118 വീടുകളിലും വെള്ളം കയറി. എക്കൽമണ്ണ് അടിയന്തരമായി നീക്കിയില്ലെങ്കിൽ ഇക്കുറിയും വെള്ളപ്പൊക്കത്തിനു സാധ്യതയുണ്ടെന്നതാണ് തെക്കേത്തുരുത്ത് റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പുളിക്കത്തറയും സെക്രട്ടറി പി.എസ്. ശിവദാസും പറയുന്നത്. സമീപത്തെ തുരുത്തായ ഗോതുരുത്ത്, പറവൂർ നഗരത്തിലെ തട്ടുകടവ് തുടങ്ങി മേഖലയിലെ പുഴകളെല്ലാം ആഴംകുറഞ്ഞ നിലയിലാണ്.
#ഏക്കൽ നീക്കം ചെയ്യേണ്ടത് ഇറിഗേഷൻ വകുപ്പ്
പുഴയിലെ എക്കൽമണ്ണ് നീക്കം ചെയ്യുന്നത് മൈനർ ഇറിഗേഷൻ വകുപ്പിന്റെ ചുമതലയാണെന്നും പഞ്ചായത്തിന് അതു ചെയ്യാൻ അധികാരവും ഫണ്ടും ഇല്ലെന്നും ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ് പറഞ്ഞു. മൈനർ ഇറിഗേഷൻ വകുപ്പ് അസി.എക്സി.എൻജിനീയർക്ക് നിവേദനം നൽകിയതിനെത്തുടർന്നു രണ്ടു ഉദ്യോഗസ്ഥരെത്തി പ്രദേശങ്ങൾ സന്ദർശിച്ച് എക്കൽ നീക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയാറാക്കിയിട്ടുണ്ട്.