മൂവാറ്റുപുഴ: മൂവാറ്റുപുഴ വാലി ഇറിഗേഷൻ പ്രൊജക്ടിലെ സൂപ്രണ്ടിംഗ് എൻജിനിയറായ ജയ പി.നായർ സർവീസിൽ നിന്ന് വിരമിച്ചു. 1992-ൽ അസിസ്റ്റന്റ് എൻജിനീയറായി സർവീസിൽ പ്രവേശിച്ച ജയ പി.നായർ 28 വർഷത്തെ സേവനത്തിനുശേഷം സൂപ്രണ്ടിംഗ് എൻജിനീയറായിട്ടാണ് വിരമിക്കുന്നത്. എം.വി.ഐ.പി ഓഫീസുകളെല്ലാം ആധുനികവത്കരിച്ച് ജനകീയ ആവശ്യങ്ങൾ ജനങ്ങൾക്ക് ശരവേഗത്തിൽ നടപ്പാക്കികൊടുക്കുന്നതിന് നേതൃത്വപരമായ പങ്ക് വഹിച്ചു. വർഷകാലങ്ങളിൽ മൂവാറ്റുപുഴയെ പ്രളയ ഭീക്ഷണിയിൽ നിന്നും രക്ഷിക്കുന്നതിനായി മലങ്കര ഡാമിന്റെ ജലനിരപ്പ് 39.5 മീറ്റരാക്കി നിർത്തുന്നതിന് മുൻകൈയെടുത്തതോടെ മൂവാറ്റുപുഴക്കാരുടെ സൂപ്പർ ലേഡിയെന്ന ബഹുമതിക്കർഹയായി.സാമൂഹ്യ സേവന രംഗത്തും നിറസാന്നിദ്ധ്യമായ ജയ പി.നായർ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥരെ മുഴുവൻ രംഗത്തിറക്കിയിരുന്നു.സാമൂഹ്യ അകലം പാലിച്ചുകൊണ്ടതന്നെ വെള്ളിയാഴ്ച ജയ പി.നായർക്ക് എം.വി.ഐ.പി ഓഫീസിൽ ഉദ്യോഗസ്ഥർ യാത്രയയപ്പ് നൽകി.