കൊച്ചി: ലോക്ഡൗണിൽ തളർന്ന ഹോട്ടൽ വ്യവസായത്തിന് ഉണർവേകാൻ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വന്തം ഓൺലൈൻ ഭക്ഷണ വിതരണ പ്ളാറ്ര്‌ഫോം തുടങ്ങുന്നു. മൂന്നു മാസത്തിനകം അസോസിയേഷന് കീഴിലുള്ള 35,000 ഹോട്ടലുകൾ ഈ ശൃംഖലയുടെ കീഴിൽ വരും. വെബ്‌സൈറ്റും മൊബൈൽ ആപ്പും നിർമ്മിക്കുന്നതിന് തുടക്കമായി. മിതമായ നിരക്കിൽ തനത് സംസ്‌കാരം സംരക്ഷിച്ചുള്ള ഭക്ഷണം ഉപഭോക്താക്കളിൽ എത്തിക്കുകയാണ് ലക്ഷ്യം.
ലോക്ക്ഡൗണിൽ ഓൺലൈനിലൂടെയുള്ള ഭക്ഷണവിതരണത്തിന് സ്വീകാര്യത ഏറിയിരുന്നു. ഇതോടെയാണ്, ഓൺലൈൻ സംവിധാനം കാര്യക്ഷമമാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ അസോസിയേഷൻ ഭാരവാഹികളുടെ അന്തഃസംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിലും ഓൺലൈൻ സംവിധാനം ആരംഭിക്കും.
സംസ്ഥാനത്ത് നിലവിൽ സ്വിഗ്ഗി, സോമാറ്റോ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളാണ് ഓൺലൈൻ ഭക്ഷണ വിതരണം നഗരങ്ങളിലടക്കം നടത്തുന്നത്. ചില ഹോട്ടലുകൾ സ്വന്തം വെബ്‌സൈറ്റിലൂടെയും ഓർഡർ സ്വീകരിക്കുന്നു. ഇവ അസോസിയേഷൻ ഏകോപിപ്പിക്കും.
ചൂഷണം തടയുക ലക്ഷ്യം
'ലോക്ക്ഡൗണിൽ മികച്ച സ്വീകാര്യതയാണ് ഓൺലൈൻ ഫുഡ് ഡെലിവറിക്ക് ലഭിച്ചത്. എന്നാൽ, കുത്തക കമ്പനികൾ ഇത് ഉയർന്ന ചാർജ് ഈടാക്കാനുള്ള അവസരമാക്കി മാറ്റി. കേരളത്തിന്റെ ഭക്ഷണ സംസ്‌കാരത്തെ അടക്കം തകർക്കുന്ന രീതിയുമുണ്ടായി. ഇത്തരം ചൂഷണങ്ങൾ തടയുന്നതിനാണ് സംസ്ഥാനത്തെ ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ സ്വന്തം ഓൺലൈൻ ആപ്ലിക്കേഷൻ ആരംഭിക്കുന്നത്""
ജി. ജയപാൽ,
ജനറൽ സെക്രട്ടറി
കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ.
കോ-ഓർഡിനേഷൻ
കമ്മിറ്റി രൂപീകരിക്കും
കൊവിഡാനന്തര പ്രതിസന്ധി അതിജീവിക്കാൻ ഹോട്ടൽ അസോസിയേഷനുകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിക്കും. കേരളം, തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ അസോസിയേഷനുകളെ ഉൾപ്പെടുത്തിയാണിത്.
തെലങ്കാന അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന വെബിനാറിലാണ് ഇക്കാര്യം തീരുമാനിച്ചത്. കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി, ജനറൽ സെക്രട്ടറി ജി. ജയപാൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.