കൊച്ചി: കുവൈറ്റിൽ പെട്ടുപോയ ഗർഭിണിയായ ഭാര്യ ലതയുടെ അടുത്തേക്ക് എത്താൻ വഴി തേടി അരുൺ മുട്ടാത്ത വാതിലുകളില്ല. ചൊവ്വാഴ്ചയാണ് സിസേറിയൻ . അരുണും ആറു വയസുകാരിയായ മൂത്ത മകളും മൂവാറ്റുപുഴയിലെ കുടുംബവീട്ടിലാണ്. മാർച്ച് നാലിനാണ് ഇവർ നാട്ടിലെത്തിയത്. അന്ന് കൊവിഡ് ഭീതി തുടങ്ങിയിട്ടില്ല. 9 ന് തിരിച്ചു പോകാനുള്ള ടിക്കറ്റും കരുതിയിരുന്നു. അച്ഛന് അസുഖം കൂടിയെന്നറിഞ്ഞ് ധൃതിപിടിച്ച് നാട്ടിലേക്ക് വന്നതാണ്. മകൾ ബഹളം കൂട്ടിയതിനാൽ അവളെയും ഒപ്പംകൂട്ടി. അത് ഭാഗ്യമായെന്ന് പിന്നീട് തോന്നി.

മാർച്ച് എട്ടിനു ശേഷം കുവൈറ്റിലെത്തുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന നിയമം വന്നുവെന്നറിഞ്ഞ് 7 നുള്ള ഖത്തർ എയർവേസിലും അരുൺ ടിക്കറ്റ് ബുക്ക് ചെയ്തു. എന്നാൽ ഫ്ളൈറ്റ് റദ്ദാക്കിയെന്ന് 7 ന് പുലർച്ചെ അറിയിപ്പു കിട്ടി. മറ്റ് സർവീസുകളും മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ യാത്ര മുടങ്ങി. രണ്ട് ടിക്കറ്റിന്റെയും പണവും നഷ്‌ടമായി.

നാട്ടിലേക്ക് വരുന്നതിനായി ലത എംബസിയിൽ പേര് രജിസ്റ്റർ ചെയ്തുവെങ്കിലും ഡോക്‌ടർമാർ യാത്ര അനുവദിച്ചില്ല. കഴിഞ്ഞ ഒരു മാസമായി ഒരു കുടുംബസുഹൃത്തിന്റെ വീട്ടിലാണ് ലത. അവർക്ക് മൂന്നു കുട്ടികളുണ്ട്. പ്രസവം കഴിഞ്ഞ് കുഞ്ഞിനെയും കൊണ്ട് അങ്ങോട്ട് തിരിച്ചു ചെന്നാൽ അവർക്ക് ബുദ്ധിമുട്ടാവുമെന്ന വേവലാതിയിലാണ് യുവ ദമ്പതികൾ.

ഭാര്യയുടെ അടുത്ത് എത്താനുള്ള ശ്രമങ്ങൾ പരാജയപ്പെട്ടതോടെ നാട്ടിലെ വീട്ടിൽ ഇരുന്ന് അരുൺ കുവൈറ്റിലെ വീട്ടിലേക്ക് ഒരു ജോലിക്കാരിയെ തേടുകയാണ്.

ലതയുടെ ‌ടെൻഷനും കണ്ണീരും കണ്ട ആശുപത്രി അധികൃതർ സിസേറിയന് മുമ്പ് ഭർത്താവ് ഒപ്പിടണമെന്ന നിയമത്തിൽ ഇളവ് അനുവദിച്ചു. പ്രസവത്തിന്റെ അരക്ഷിതാവസ്ഥകളെ പ്രിയതമ ഒറ്റയ്ക്ക് എങ്ങനെ നേരിടുമെന്ന ആധിയിലാണ് അരുൺ.

ലോകമെമ്പാടുമുള്ള പ്രവാസികൾ കേരളത്തിലേക്ക് വരാനായി കാത്തിരിക്കുമ്പോൾ നാട്ടിൽ പെട്ടുപോയ 1500 ഓളം മലയാളികൾ കുവൈറ്റിലേക്ക് മടങ്ങാൻ വഴി തേടുകയാണെന്ന് എറണാകുളംകാരായ ജോളി കെ.ജെ, ആന്റണി ആലപ്പാട്ട്, . കൊരട്ടി സ്വദേശി ബിജു.സി.ബി, അരുൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വാട്ട്സ് അപ്പ് കൂട്ടായ്മയിലൂടെ പരസ്പരം താങ്ങായി മാറിയാണ് ഇവരുടെ പ്രവർത്തനം.