മൂവാറ്റുപുഴ: പായിപ്ര ഗ്രാമപഞ്ചായത്തിലെ പള്ളിച്ചിറങ്ങരയിലും മുളവൂരിലും ഇതരജില്ലകളിൽ നിന്നെത്തിയ താമസക്കാർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ. പള്ളിച്ചിറങ്ങരയിൽ വാടകകെട്ടിടത്തിൽ താമസിക്കുന്നയാളുടെ ബന്ധുക്കളായ ദമ്പതികളെയാണ് പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് പഞ്ചായത്തിലെ ക്വാറന്റൈൻ സെന്ററായ കോളേജിന്റെ ഹോസ്റ്റലിലേയ്ക്ക് മാറ്റിയത്. മാവേലിക്കര സ്വദേശികളായ ദമ്പതികളും ഇവരുടെ മാതാവും കുട്ടികളും അടങ്ങുന്ന അഞ്ചംഗകുടുംബത്തെയാണ് മാറ്റി പാർപ്പിച്ചത്. പള്ളിച്ചിറങ്ങരയിലെ സ്വകാര്യ വ്യക്തിയുടെ വാടക കെട്ടിടത്തിൽ താമസിക്കുന്നയാളുടെ ബന്ധുക്കളായ ഇവരെ വെള്ളിയാഴ്ചയാണ് ഇതേ കെട്ടിടത്തിലെ മറ്റൊരു മുറിയിൽ താമസിത്തിനായി എത്തിയത്. എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ പുതിയ താമസക്കാർ എത്തിയതോടെ പ്രദേശവാസികൾ എതിർപ്പുമായി രംഗത്തെത്തി. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും പൊലീസുമെത്തി ഇവരെ ക്വാറന്റർ സെന്ററിലേയ്ക്ക് മാറ്റി. മുളവൂരിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിൽ താമസിക്കുന്ന ഇതരസംസ്ഥാന തൊഴിലാളിയുടെ ബന്ധുക്കളാണ് നിലമ്പൂരിൽ നിന്നുമെത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന എട്ട് അംഗകുടുംബം വാഹനത്തിലാണ് എത്തിയത്. ഇവർ നിലമ്പൂരിൽ കോഴി ഫാമിലെ ജീവനക്കാരാണന്നും അവിടെ ജോലിയില്ലാത്തതിനാൽ ജോലിയ്ക്കായി എത്തിയതാണന്നും അറിയിച്ചു. എന്നാൽ പ്രദേശവാസികൾ എതിർപ്പുമായി എത്തിയതോടെ പഞ്ചായത്ത് അധികൃതരെത്തി ഇവരെ വന്ന വാഹനത്തിൽ മടക്കി അയച്ചു.