കൊച്ചി: രാജ്യത്തെ കൊവിഡ് പരിശോധനയ്ക്ക് വേഗതയും നൂറു ശതമാനം കൃത്യതയും ഉറപ്പു വരുത്താൻ സഹായകരമാകുന്ന തദ്ദേശ നിർമിത കിറ്റിന് ഇന്ത്യൻ കൗൺസിൽ റിസേർച്ചിന്റെയും (ഐ.സി.എം.ആർ) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് വൈറോളജിയുടെയും (എൻ.ഐ.വി) അംഗീകാരം ലഭിച്ചു. മുംബയ് ആസ്ഥാനമായ ഐ-ജെനറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്‌സും താനെ ആസ്ഥാനമായ ബയോജിനോമിക്‌സും സംയുക്തമായാണ് കിറ്റ് വികസിപ്പിച്ചത്. മികച്ച ഗുണമേന്മയാണ് കിറ്റുകൾക്ക്. ആഴ്ചകൾക്കുള്ളിൽ കിറ്റുകൾ വിപണിയിലെത്തും. നിലവിൽ പ്രതിദിനം ശരാശരി ഒരുലക്ഷം കൊവിഡ് പരിശോധനകളാണ് ഇന്ത്യയിൽ നടക്കുന്നത്. തദ്ദേശ നിർമിത കിറ്റുകൾ വിപണിയിൽ എത്തുന്നതോടെ പരിശോധനകളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധന വരുത്താൻ സാധിക്കുമെന്ന് ഐജെനെറ്റിക്‌സ് ഡയഗ്‌നോസ്റ്റിക്‌സ് സ്ഥാപകയും സി.ഇ.ഒയുമായ അരുണിമ പട്ടേൽ അഭിപ്രായപ്പെട്ടു. കൊവിഡ് പോരാട്ടത്തിൽ ഐജെനെറ്റിക്‌സിനൊപ്പം പങ്ക് ചേരാൻ അവസരം ലഭിച്ചതു അഭിമാനമായി കരുതുന്നുവെന്ന് ബയോജിനോമിക്‌സ് സ്ഥാപക ഡയറക്ടർ ഡോ. അർച്ചന കൃഷ്ണൻ പറഞ്ഞു.