കൊച്ചി: വരാപ്പുഴ അതിരൂപത നടപ്പിലാക്കുന്ന സുഭിക്ഷ കേരളം സുരക്ഷാ പദ്ധതി വരാപ്പുഴ അതിരൂപത മെത്രാസന മന്ദിരത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.എസ്. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. വരാപ്പുഴ അതിരൂപത മെത്രാപ്പൊലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു. അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും തരിശുനിലത്തിൽ കുടിയിറക്കുക, എല്ലാ വീടുകളിലും മണ്ണിലും മട്ടുപ്പാവിലും കൃഷി ചെയ്യൽ പ്രോത്സാഹിപ്പിക്കുക, മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുക, പാലിനും ഇറച്ചിക്കും മുട്ടക്കും വേണ്ടി പക്ഷിമൃഗാദികളെ വീട്ടിൽ വളർത്താൻ പ്രോത്സാഹിപ്പിക്കുക, വീടുകളിൽ ചെയ്യാവുന്ന ചെറുകിട കൈത്തൊഴിലുകളും മറ്റും പ്രോത്സാഹിപ്പിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ. ചടങ്ങിൽ മേയർ സൗമിനി ജെയിൻ, ഹൈബി ഈഡൻ എം.പി, ടി.ജെ വിനോദ് എം.എൽ.എ, യേശുദാസ് പറപ്പിള്ളി എന്നിവർ പങ്കെടുത്തു. കൊവിഡ്-19 ന്റെ പശ്ചാത്തലത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.