കൊച്ചി: ഭീതിയുടെ തോത് കൂട്ടി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണവും ഉയരുന്നു. ഇന്നലെ എറണാകുളം ജില്ലയിലെ നാലുപേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. തൃശൂർ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ച രണ്ടുപേർ എറണാകുളത്ത് ചികിത്സയിലുണ്ട്. മേയ് 25 ന് പെൺകുഞ്ഞിന് ജന്മം നൽകിയ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 29കാരി രോഗമുക്തയായി. ഇതോടെ ജില്ലയിലെ ആശുപത്രികളിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 29 ആയി.

രോഗം സ്ഥിരീകരിക്കപ്പെട്ട കോതമംഗലം സ്വദേശിയായ 42 കാരൻ മേയ് 28 ന് കുവൈറ്റ്-തിരുവനന്തപുരം വിമാനത്തിലെത്തിയതാണ്. രോഗലക്ഷണങ്ങളെ തുടർന്ന് അന്നു തന്നെ തിരുവനന്തപുരത്ത് കാരക്കോണം മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാക്കി. മേയ് 17 ന് അബുദാബി-കൊച്ചി വിമാനത്തിലെത്തി കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലായിരുന്ന 32 കാരനായ എറണാകുളം പാറക്കടവ് സ്വദേശിയെ കളമശേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരായ 44ഉം 27ഉം വയസുള്ള മഹാരാഷ്ട്ര സ്വദേശികളാണ് മറ്റു രണ്ടുപേർ. ഒരാൾ മേയ് 26 ന് കാറിലും മറ്റെയാൾ മേയ് 27 ന് വിമാനത്തിലുമാണ് മഹാരാഷ്ട്രയിൽ നിന്നും കൊച്ചിയിലെത്തിയത്. തൃശൂരുകാരായ രണ്ട് പേരുയ നിലവിൽ ഇവിടെ ചികിത്സയിലുള്ള 80 കാരിയുടെ അടുത്ത ബന്ധുക്കളാണ് . 56ഉം, 48ഉം വയസുള്ള ഇവർ ഒരുമിച്ച് ഡൽഹിയിൽ നിന്നും ട്രെയിനിൽ മേയ് 28ന് കൊച്ചിയിലെത്തിയതാണ്.

കൊവിഡ് രോഗികൾ - 29

കളമശ്ശേരി മെഡിക്കൽ കോളേജ് – 25
ഐ.എൻ.എച്ച്.എസ് സഞ്ജീവനി – 4

വീടുകളിൽ നിരീക്ഷണത്തിൽ

ഇന്നലെ - 647

ആകെ - 8444

ഒഴിവാക്കിയത് - 480

ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്

ഇന്നലെ - 15

കളമശ്ശേരി മെഡിക്കൽ കോളേജ് -11
സ്വകാര്യ ആശുപത്രികൾ - 4

ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 84