ന്യൂഡല്‍ഹി:ഫയല്‍ ഷെയറിംഗ് വെബ്സൈറ്റായ വിട്രാന്‍സ്ഫര്‍.കോം ഇന്ത്യയില്‍ നിരോധിച്ചു. ടെലികോം വകുപ്പാണ് നിരോധനമേര്‍പ്പെടുത്തിയത്.രാജ്യതാല്‍പര്യവും പൊതുതാല്‍പര്യവും കണക്കിലെടുത്താണ് വെബ്‌സൈറ്റിന് നിരോധനം ഏര്‍പ്പെടുത്തിയതെന്ന് ടെലികോം വകുപ്പ് അറിയിച്ചു.വിട്രാന്‍സ്ഫറുമായി ബന്ധപ്പെട്ട മൂന്ന് യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് രാജ്യത്തെ വിവിധ ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ക്ക് ടെലികോം മന്ത്രാലയം നോട്ടീസ് അയച്ചിരുന്നു.
വെബ്‌സൈറ്റിലെ രണ്ട് പ്രത്യേക യുആര്‍എല്ലുകള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടുള്ളതായിരുന്നു ആദ്യത്തെ രണ്ട് നോട്ടീസുകള്‍. മൂന്നാമത്തേത് വിട്രാന്‍സ്ഫര്‍ വെബ്‌സൈറ്റ് പൂര്‍ണമായും നിരോധക്കണമെന്നാവശ്യപ്പെട്ടുള്ളതുമായിരുന്നു. രാജ്യത്തെ ലക്ഷക്കണക്കിനാളുകളാണ് വിട്രാന്‍സ്ഫറിന്റെ സേവനം ഉപയോഗിച്ചിരുന്നത്.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് വിട്രാന്‍സ്ഫറിന്റെ സേവനം ആളുകള്‍ കൂടുതലായി ഉപയോഗിക്കാന്‍ തുടങ്ങിയത്. ആളുകള്‍ വീട്ടിലിരുന്ന് ജോലി ചെയ്യുന്നത് വര്‍ധിച്ചത് ഇതിനുകാരണമായി.പ്രത്യേകം അക്കൗണ്ട് നിര്‍മിക്കാതെ തന്നെ രണ്ട് ജിബി വരെയുള്ള ഫയലുകള്‍ കൈമാറാന്‍ സാധിക്കുമെന്നതായിരുന്നു വിട്രാന്‍സ്ഫറിന്റെ പ്രത്യേകത.
വിട്രാന്‍സ്ഫറിന് നിരോധനം ഏര്‍പ്പെടുത്തിയതിന്റെ കാരണം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. രാജ്യത്ത് ഇതിനുമുമ്പും വെബ്സൈറ്റുകളുടെ പ്രവര്‍ത്തനം നിരോധിക്കുകയും തടസ്സപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.ഇന്റര്‍നെറ്റ് വഴി വലിയ ഫയലുകള്‍ കൈമാറുന്നതിന് ലോകവ്യാപകമായി ആളുകള്‍ ഉപയോഗിക്കുന്ന സേവനമാണ് വിട്രാന്‍സ്ഫര്‍.