കൊച്ചി: നേരത്തെയുമല്ല, വൈകിയുമല്ല. ഇന്ന് തന്നെ കാലവർഷമെത്തും. കേരളത്തിനും ലക്ഷദ്വീപിനുമിടയിൽ അറബിക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം അതിതീവ്രമാകാനും പിന്നീട് ചുഴലിക്കാറ്റാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. എറണാകുളം ജില്ലയിൽ കാലവർഷം കനത്ത് പെയ്യുമെന്നാണ് പ്രവചനം.

കാലവർഷത്തിന്റെ ആദ്യ രണ്ടു ദിനങ്ങളിൽ ഒറ്റപ്പെട്ട ശക്തമായതോ അതിശക്തമായതോ മഴ ജില്ലയകൽ ലഭിക്കും. അടുത്ത ദിവസം മുതൽ മഴയുടെ അളവ് കുറഞ്ഞേക്കാമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പറയുന്നത്. കുസാറ്റിന്റെ റഡാർ കേന്ദ്രത്തിന്റെ കണക്കനുസരിച്ച് എറണാകുളത്ത് ലഭിച്ച വേനൽമഴ 7 ശതമാനം കൂടുതലാണ്.

കൊവിഡ് കാലമായതിനാൽ കാലവർഷത്തെ നേരിടാൻ ജില്ലാ ഭരണകൂടം മുന്നൊരുക്കം നടത്തി. നാലു തരത്തിൽ ദുരിതാശ്വാസ കേന്ദ്രം ഉൾപ്പെടെ സജ്ജീകരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പും ആളുകൾക്ക് നൽകേണ്ട നിർദ്ദേശവും കാലവർഷം ശക്തമാകുന്നതനുസരിച്ച് ഓരോ മണിക്കൂറും ജില്ലാ ഭരണകൂടം നൽകും.

പേടിക്കേണ്ട

"അറബിക്കടലിലും ഒമാൻ തീരത്തും രൂപപ്പെട്ട ന്യൂനമർദ്ദവും എറണാകുളം ജില്ലയിൽ ശക്തമായ കാലവർഷത്തിന് തുടക്കമിടും. മഴയിൽ പ്രദേശത്ത് ആശങ്ക വേണ്ട. തീരപ്രദേശത്ത് താമസിക്കുന്നവരും കടലിൽ പോകുന്നവരും ശ്രദ്ധിക്കണം."

ഡോ. കെ. സതീഷ്

ഡിപ്പാർട്ട്മെന്റ് അറ്റ്മോസ്ഫിക് സയൻസ്

കുസാറ്റ്

ശക്തമായ മഴ - 64.5 മില്ലിമീറ്റർ - 115.5 മി.മി

അതിശക്തമായ മഴ -115.6 മി.മി - 204.4 മി.മി