പിറവം : 2018ലെ പ്രളയത്തിൽ തകർന്ന രാമമംഗലം പഞ്ചായത്തിലെ പാമ്പൂരിച്ചാൽ പാടശേഖര നവീകരണത്തിന് റീ-ബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തി അഞ്ചുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. മന്ത്രി വി.എസ്. സുനിൽകുമാറിന് അനൂപ് ജേക്കബ് എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. കേരള ലാൻഡ് ഡെവലപ്പ്‌മെന്റ് കോർപ്പറേഷനാണ് പദ്ധതിനിർവഹണ ചുമതല. 100 ഹെക്ടർ വരുന്ന കൃഷിഭൂമിയുടെ വികസനത്തിലൂടെ അഞ്ഞൂറോളം കർഷകർക്ക് പദ്ധതി പ്രയോജനപ്പെടും. നെൽപ്പാടങ്ങളിലെ വെള്ളംകയറ്റം തടയൽ, ഇരുപ്പൂകൃഷി, തരിശുഭൂമി കൃഷിയോഗ്യമാക്കൽ, പാടശേഖരങ്ങളുടെ സംരക്ഷണഭിത്തി, ലീഡിംഗ്കനാൽ, ട്രാക്ടർ ബ്രിഡ്ജ്, റാംപ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കും.