ആലുവ: കേന്ദ്ര സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് രാംവിലാസ് പസ്വാൻ നയിക്കുന്ന ലോക് ജനശക്തി പാർട്ടി (എൽ.ജെ.പി) സംസ്ഥാന വ്യാപകമായി ശുചീകരണ പ്രവർത്തനം ആരംഭിക്കുമെന്ന് സംസ്ഥാന സെക്രട്ടറി ജനറൽ ജേക്കബ് പീറ്റർ, ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യു എന്നിവർ അറിയിച്ചു. ലോക പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമാകും. നേതാക്കളും പ്രവർത്തകരും സ്വന്തം വീടുകളിൽ നിന്നും ശുചീകരണ പ്രവർത്തനം ആരംഭിക്കും. തുടർന്ന് നീരൊഴുക്ക് നിലച്ച തോടുകളും കനാലുകളുമെല്ലാം ശുചീകരിക്കുന്നതിന് മുൻകൈയ്യെടുക്കും. 2018ലേതിനേക്കാൾ വലിയ പ്രളയത്തിന് ഇക്കുറി സാദ്ധ്യതയുണ്ടെന്ന പ്രചരണത്തിൽ ജനം ആശങ്കാകുലരാണ്. യാഥാർത്ഥ്യമാണെങ്കിൽ ഇതിനെ മറികടക്കാൻ പുഴകളും തോടുകളുമെല്ലാം ശുചീകരിക്കണം.

ഈ സാഹചര്യത്തിലാണ് മോദി സർക്കാരിന്റെ രണ്ടാ മൂഴത്തിലെ രണ്ടാം വാർഷികം പരിസ്ഥിതി സംരക്ഷണ പ്രവർത്തനം മുൻ നിർത്തി സംഘടിപ്പിക്കാൻ എൽ.ജെ.പി സംസ്ഥാന ഘടകം തീരുമാനിച്ചിട്ടുള്ളതെന്ന് ഇരുവരും പറഞ്ഞു. എറണാകുളം ജില്ലയിലെ 14 മണ്ഡലങ്ങളിലും കമ്മിറ്റി ചേർന്ന് പരിസ്ഥിതി ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് ലെനിൻ മാത്യു പറഞ്ഞു.