ആലപ്പുഴ:ജില്ലാതിർത്തി കടന്നുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കെഎസ്ആര്‍ടിസി കരുതലെടുത്തപ്പോള്‍ കുടുങ്ങിയത് അതിര്‍ത്തി കടന്നു സമീപ ജില്ലകളിലേക്കു ജോലി ആവശ്യത്തിനുള്‍പ്പെടെ സഞ്ചരിക്കുന്ന സാധാരണ ജനങ്ങൾ.സമീപ ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളിലേക്കു എത്താതെ കിലോമീറ്ററുകള്‍ ഇപ്പുറമാണ് കെഎസ്ആര്‍ടിസി ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നത്.മറ്റു ജില്ലകളിലേക്കു പോകാനുള്ളവര്‍ കിലോമീറ്ററുകള്‍ നടന്ന് അടുത്ത ജില്ലയുടെ കെഎസ്ആര്‍ടിസി സര്‍വീസ് ആരംഭിക്കുന്ന സ്ഥലം വരെ എത്തേണ്ട ബുദ്ധിമുട്ടിലാണ്.
നീലംപേരൂര്‍,കാവാലം,വെളിയനാട് എന്നീ പഞ്ചായത്തുകളിലെ ആളുകൾ ജോലിയാവശ്യത്തിനുംമറ്റുമായി അധികം ആശ്രയിക്കുന്നത് കോട്ടയം ജില്ലയെയാണ്.നീലംപേരൂര്‍, കാവാലം പഞ്ചായത്തുകളിലേക്ക് ആലപ്പുഴയില്‍ നിന്നു ബസ് സര്‍വീസില്ല.കിലോമീറ്ററുകള്‍ നടന്ന് വേണം മുളയ്ക്കാംതുരുത്തിയിലും കിടങ്ങറയിലും എത്തിയിട്ട് വേണം കോട്ടയം ജില്ലയിലെയ്ക്കുള്ള ബസ് പിടിക്കാൻ .വെളിയനാട് നിന്ന് പുളിങ്കുന്ന് ഭാഗത്തേക്കുംസര്‍വീസുണ്ടായിരുന്നില്ല.പത്തനംതിട്ട അതിര്‍ത്തിയായ പരുമല വരെയാണു മറ്റൊരു സര്‍വീസ്. ഇവിടെ നിന്നു തിരുവല്ലയിലേക്കു പോകണമെങ്കില്‍ തിരുവല്ലയില്‍ നിന്നുള്ള ബസ് എത്തുന്ന പൊടിയാടി ജംക്ഷന്‍ വരെ ഏഴു കിലോമീറ്ററോളം നടക്കണം.
ജില്ലാ അതിർത്തികളിൽ എല്ലാം സമാനമായ പ്രശ്നങ്ങളാണ്.ആലപ്പുഴ - എറണാകുളം അതിര്‍ത്തിയില്‍ അരൂര്‍ ബൈപാസ് ജംക്ഷന്‍ വരെയാണ് കെഎസ്ആര്‍ടിസി സര്‍വീസ്. തുടര്‍ന്ന് കൊച്ചി അതിര്‍ത്തിയിലെ അരൂര്‍ ടോള്‍ പ്ലാസ കഴിഞ്ഞാലേ അടുത്ത ബസ് ലഭിക്കൂ. ആകെ 1.75 കിലോമീറ്ററോളം യാത്രക്കാര്‍ നടക്കേണ്ടി വരും.