ആലുവ: ചേരിപ്പോരിൽ കോൺഗ്രസ് നേതൃത്വം നട്ടം തിരിയുമ്പോൾ കെ.എസ്.യുവിലും ഗ്രൂപ്പുകളി.
കെ.എസ്.യുവിന്റെ 63 -ാം ജന്മദിനാഘോഷം ആലുവയിൽ എ - ഐ ഗ്രൂപ്പുകൾ വെവ്വേറെ സംഘടിപ്പിച്ചു.
എ ഗ്രൂപ്പുകാരനായ നിയോജക മണ്ഡലം പ്രസിഡന്റ് സഹഭാരവാഹികളോട് ആലോചിക്കാതെ പരിപാടി പ്രഖ്യാപിച്ചെന്നാരോപിച്ചാണ് ഐ ഗ്രൂപ്പുകാർ സമാന്തര പരിപാടി സംഘടിപ്പിച്ചത്. രണ്ട് പരിപാടികൾക്കും മുതിർന്ന ഗ്രൂപ്പ് നേതാക്കളുടെ സഹായവുമുണ്ടായി.
എ ഗ്രൂപ്പ് ശ്രീമൂലനഗരം മരിയാലയത്തിലെ അന്തേവാസികൾക്കൊപ്പം സംഘടിപ്പിച്ച ആഘോഷം കെ.പി.സി.സി ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾ മുത്തലിബ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അൽ അമീൻ അഷറഫ് അദ്ധ്യക്ഷത വഹിച്ചു. അന്തേവാസികൾക്ക് പ്രഭാതഭക്ഷണവും കേക്കും നൽകി.പതാകഉയർത്തലും നടത്തി. യൂത്ത് കോൺഗ്രസ്സ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി ജെബി മേത്തർ, നേതാക്കളായ ലിന്റോ പി. ആന്റോ, ഹസീം ഖാലിദ്, പി.ബി. സുനീർ, മുഹമ്മദ് ഷെഫീഖ്, കെ.എസ്.യു ഭാരവാഹികളായ ഫസ്‌ന സെബാസ്റ്റ്യൻ, ആൽബിൻ നെൽസൻ, നിസാം, സൽമാൻ, മരിയ തോമസ്, ഡെറിക് എന്നിവർ പങ്കെടുത്തു.
ഐ ഗ്രൂപ്പുകാർ ആലുവ സ്നേഹകൂട്ടിലെ അന്തേവാസികൾക്കൊപ്പമാണ് സ്ഥാപക ദിനം ആഘോഷച്ചത്. തുടർന്ന് നഗരം അണുവിമുക്തമാക്കുന്നതിനും നേതൃത്വം നൽകി. ഡി.സി.സി ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി ഉദ്ഘാടനം ചെയ്തു. കെ.എസ്.യു ബോയ്‌സ് സ്‌ക്കൂൾ യൂണിറ്റ് പ്രസിഡന്റ് വറീത് അദ്ധ്യക്ഷത വഹിച്ചു. അന്തേവാസികളായ കുട്ടികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ച് കേക്കും മുറിച്ചു. അൻവർ പാലിയേറ്റീവ് കെയറിലെ രോഗികൾക്കും കൂടെയുള്ളവർക്കും ജന്മദിനത്തിന്റെ ഭാഗമായി ഭക്ഷണം നൽകി.കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി എ.എ. അജ്മൽ, സെക്രട്ടറി വി.ആർ. രാംലാൽ, ജില്ലാ സെക്രട്ടറി സഹൽ, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി എ.എ. അബ്ദുൾ റഷീദ്, ടി.കെ. അബ്ദുൾ വഹാബ്, സഫുവാൻ സി.ബി, മഹേഷ്, ഹാരിസ്, അക്ഷയ്, ഇംതിയാസ് അഹമ്മദ് എന്നിവർ നേതൃത്വം നൽകി.