കൊച്ചി: കാലവർഷം ഇന്നാരംഭിക്കുമെന്ന മുന്നറിയിപ്പും കടൽക്ഷോഭവും ഭൂതത്താൻകെട്ട്, മലങ്കര അണക്കെട്ടുകൾ തുറന്നതും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ജാഗ്രത. മത്സ്യബന്ധനത്തിന് തൊഴിലാളികൾ കടലിൽ പോകുന്നത് നിരോധിച്ചു. ഭൂതത്താൻകെട്ടിലെ ഷട്ടറുകൾ തുറന്നെങ്കിലും പെരിയാറിൽ ജലനിരപ്പ് വർദ്ധിച്ചിട്ടില്ല. ഇന്നും നാളെയും ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

കടൽ ക്ഷോഭിച്ചു

അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്ന് സമുദ്രത്തിലെ മത്സ്യബന്ധനം പൂർണമായി നിരോധിച്ചു. ജില്ലയിലെ മത്സ്യ ഗ്രാമങ്ങളിലും ഹാർബറിലും ഫിഷറീസ് വകുപ്പ് മൈക്ക് ഉപയോഗിച്ച് അറിയിപ്പ് അനൗൺസ്‌മെന്റ് നടത്തി. ന്യൂനമർദ്ദത്തെത്തുടർന്ന് രണ്ടുദിവസത്തിനകം അമ്പത് കിലോമീറ്റർവരെ വേഗതയിൽ ചുഴലിക്കാറ്റടിക്കാൻ സാദ്ധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരസംരക്ഷണ സേന, നാവികസേന എന്നിവ ജാഗ്രത ആരംഭിച്ചു.

നിരോധനം ലംഘിക്കുന്നവരുടെ ബോട്ടുകളും വള്ളങ്ങളും പിടിച്ചെടുത്ത് നിയമനടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് അറിയിച്ചു.

പെരിയാറിൽ ഭീഷണിയില്ല

ഇടമലയാർ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നു നിൽക്കുന്നതിനാൽ ഭൂതത്താൻകെട്ട് അണക്കെട്ടിലെ ഷട്ടറുകൾ ഉയർത്തിയത് വെള്ളപ്പൊക്ക ഭീഷണി ഉയർത്തുന്നില്ലെന്ന് പെരിയാർവാലി ഇറിഗേഷൻ പ്രൊജക്ട് എക്‌സിക്യൂട്ടീവ് എൻജിനീയർ സി.കെ. ശ്രീകല അറിയിച്ചു.

ഇടമലയാർ ഡാമിൽ പരമാവധി സംഭരണശേഷിയുടെ ഇരുപത്തഞ്ച് ശതമാനം മാത്രമാണ് വെള്ളമുള്ളത്. വൃഷ്ടിപ്രദേശത്ത് മഴ പെയ്‌തെങ്കിലും ഡാമിലെ വെള്ളത്തിന്റെ നിരപ്പ് ഉയർന്നിട്ടില്ല. വൈദ്യുതി ഉല്പാദനത്തിനു ശേഷം വരുന്ന വെള്ളം മാത്രമാണ് ഇടമലയാറിൽ നിന്നു പുറത്തേക്ക് ഒഴുക്കുന്നത്.

ഭൂതത്താൻകെട്ട് ബാരേജിൽ നിന്ന് ജലസേചനത്തിനായുള്ള പമ്പിംഗ് കുറച്ചിട്ടുണ്ട്. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട സാഹചര്യത്തിലും ജൂൺ ഒന്നിനു തന്നെ കാലവർഷം ആരംഭിക്കുമെന്ന മുന്നറിയിപ്പിനെ തുടർന്നാണ് ബാരേ ജിന്റ ഷട്ടറുകൾ തുറന്നത്. ഇത് പെരിയാറിലെ ജലനിരപ്പിൽ കാര്യമായ വർധനവ് ഉണ്ടാക്കുന്നില്ല. എല്ലാ മൺസൂൺ കാലത്തും ബാരേജിന്റെ ഷട്ടറുകൾ തുറന്നു വയ്ക്കാറാണ് പതിവ്. വേനൽക്കാലത്ത് മാത്രമാണ് ജലസേചനത്തിനായി ഷട്ടറുകൾ അടയ്ക്കുന്നത്.

മൂവാറ്റുപുഴയാറിൽ ജലമുയരും

ഇടുക്കി ജില്ലയിൽ തൊടുപുഴയിലെ മലങ്കര അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ ക്രമീകരിക്കാൻ മൂന്നു സ്പിൽവേ ഷട്ടറുകൾ 20 സെന്റീമീറ്റർ ഉയർത്തിയിരുന്നു. ഇവ ഇന്നു രാവിലെ 10 ന് 40 സെന്റീമീറ്റർ വീതം ഉയർത്തും.

23.73 കുമെക്‌സ് ജലം അധികമായി പുറത്തേക്ക് ഒഴുക്കും.

തൊടുപുഴ, മുവാറ്റുപുഴ പുഴകളിൽ ഇതുമൂലം ജലനിരപ്പ് വർദ്ധിക്കും. ഇരു പുഴകളുടെയും തീരങ്ങളിലുള്ളവർ ജാഗ്രത പുലർത്തണമെന്ന് മൂവാറ്റുപുഴ വാലി ജലസേചന പദ്ധതി എക്‌സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

ഭൂതത്താൻകെട്ട് അണക്കെട്ട്

ജലനിരപ്പ് : 131.82 മീറ്റർ

സംഭരണ ശേഷി : 169 മീറ്റർ