heart-

കൊച്ചി: ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് നിന്നെത്തിച്ച ലാലിടീച്ചറുടെ ഹൃദയമിടിപ്പുമായി ലീന ഇന്ന് ലിസി ഹോസ്പിറ്രലിൽ നിന്ന് കോതമംഗലം ഭൂതത്താൻകെട്ടിലെ തന്റെ ശങ്കരം വീട്ടിലേക്ക് മടങ്ങും. ഇക്കഴിഞ്ഞ മേയ് 9നായിരുന്നു ലീനയുടെ ശസ്ത്രക്രിയ. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞവർഷമാണ് 49 കാരി ലീന ലിസി ആശുപത്രിയിൽ ചികിത്സതേടുന്നത്. ഹൃദയം മാറ്റിവയ്ക്കൽ മാത്രമായിരുന്നു പോംവഴിയെന്നതിനാൽ മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തിരുന്നു. പതിവ് പരിശോധനയ്ക്കായി ലീന ആശുപത്രിയിലെത്തിയ അതേ സമയത്താണ് തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ലാലി ടീച്ചറിന്റെ ഹൃദയം ദാനംചെയ്യാൻ ബന്ധുക്കൾക്ക് സമ്മതമാണെന്ന വിവരം ലഭിക്കുന്നത്. ലീനയെ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നാലുമണിക്കൂറിനുള്ളിൽ ഹൃദയം കൊച്ചിയിലെത്തിക്കുകയെന്നതായിരുന്നു വെല്ലുവിളി. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുൻ എം.പി പി. രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചതിനെ തുടർന്ന് അദ്ദേഹം ഹെലികോപ്ടർ വിട്ടുനൽകി. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യദൗത്യമായിരുന്നു ഇത്. ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. അമ്മയ്ക്ക് ഹൃദയം ലഭിച്ച മഹാദാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലീനയുടെ മക്കൾ അവയവദാനം ചെയ്യുമെന്ന തീരുമാനത്തിലാണ്.