കൊച്ചി: ഹെലികോപ്ടറിൽ തിരുവനന്തപുരത്ത് നിന്ന് ഹൃദയമെത്തിച്ച് ലിസി ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ ലീന ഇന്ന് ആശുപത്രിയിൽ നിന്ന് കോതമംഗലം ഭൂതത്താൻകെട്ടിലെ തന്റെ ശങ്കരം വീട്ടിലേക്ക് മടങ്ങും. മേയ് 9ന് ആയിരുന്നു ലീനയുടെ ശസ്ത്രക്രിയ. ഹൃദയസ്തംഭനത്തെ തുടർന്ന് കഴിഞ്ഞവർഷമാണ് 49 കാരി ലീന ലിസിയിൽ ചികിത്സതേടുന്നത്. ഹൃദയം മാറ്റിവയ്ക്കൽ മാത്രമായിരുന്നു വഴി. മൃതസഞ്ജീവനിയിൽ രജിസ്റ്റർ ചെയ്തു. പതിവ് പരിശോധനയ്ക്കായി ലീന ആശുപത്രിയിലെത്തിയ അതേ സമയത്താണ് തിരുവനന്തപുരത്ത് മസ്തിഷ്‌കമരണം സംഭവിച്ച ലാലി ടീച്ചറിന്റെ ഹൃദയമുണ്ടെന്ന വിവരം ലഭിക്കുന്നത്. ലീനയോട് സംസാരിച്ചപ്പോൾ സമ്മതം. ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുമണിക്കൂറിനുള്ളിൽ ഹൃദയം കൊച്ചിയിൽ എത്തിക്കുകയായിരുന്നു വെല്ലുവിളി. ലിസി ആശുപത്രി ഡയറക്ടർ ഫാ. പോൾ കരേടൻ മുൻ എം.പി പി. രാജീവ് വഴി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. അദ്ദേഹം ഹെലികോപ്ടർ വിട്ടുനൽകി. സർക്കാർ വാടകയ്ക്കെടുത്ത ഹെലികോപ്ടറിന്റെ ആദ്യദൗത്യമായിരുന്നു ഇത്. ഹൃദ്രോഗവിദഗ്ദ്ധൻ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ.
അമ്മയ്ക്ക് ഹൃദയം ലഭിച്ച മഹാദാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ലീനയുടെ മക്കൾ അവയവദാനം ചെയ്യുമെന്ന തീരുമാനത്തിലാണ്. മൂത്തമകൾ ഷിയോണ ഷിബു സ്ഥലത്തില്ലാത്തതിനാൽ ഇളയമകൻ ബേസിൽ ഷിബു സമ്മതപത്രത്തിൽ ഇന്ന് ഒപ്പുവയ്ക്കും. ആർച്ച് ബിഷപ്പ് ആന്റണി കരിയിലിന്റെ നേതൃത്വത്തിൽ ഇന്ന് ലീനയ്ക്ക് യാത്രഅയപ്പ് നൽകും.