obituary

രാമമംഗലം : മൂവാറ്റുപുഴയാറിൽ നെച്ചൂർ പാലത്തിന് സമീപം കൂട്ടുകാരോടൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നെച്ചൂർ പെരുമ്പിള്ളിൽ വിജയന്റെയും മനോമണിയുടെയും മകൻ വൈഷ്‌ണവ് വിജയനാണ് (15) മരിച്ചത്. മുളന്തുരുത്തി ടെക്നിക്കൽ ഹൈസ്‌കൂളിലെ പത്താംക്ളാസ് വി​ദ്യാർത്ഥി​യായിരുന്നു. ഇന്നലെ വൈകിട്ട് അഞ്ചോടെയാണ് അപകടം.

നീന്തലിൽ വിദഗ്ദനായ വൈഷ്ണവ് കൂട്ടുകാരുമൊത്ത് പുഴയുടെ കുറുകെ നീന്തിയപ്പോൾ ചുഴിയിൽപ്പെടുകയായിരുന്നു. കൂട്ടുകാർ ഇക്കരെ എത്തിയിട്ടും വൈഷ്ണവിനെ കാണാതായപ്പോൾ അക്കരയ്ക്ക് തി​രി​കെ നീന്തിക്കയറി എന്നാണ് കരുതിയത്. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പുഴയിൽ മുങ്ങിപ്പോയതായി മനസിലാക്കിയത്. തുടർന്ന് പിറവത്ത് നിന്നെത്തിയ അഗ്നിശമനസേനയും സ്‌കൂബാ ടീമും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചലിലാണ് രാത്രി 7.30 ഓടെ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത്. പിറവം താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ഇന്ന് 2 ന് വീട്ടുവളപ്പിൽ സംസ്കരിക്കും.