gold-bond

ന്യൂഡൽഹി: കഴിഞ്ഞമാസം പുറത്തിറക്കിയ ഗോൾഡ് ബോണ്ട് വില്‌പനയിലൂടെ കേന്ദ്രസർക്കാർ കൊയ്‌തത്, നാലാമത്തെ വലിയ റെക്കാഡ് വരുമാനം. അക്ഷയതൃതീയയ്ക്ക് മുന്നോടിയായി ഇക്കുറി അവതരിപ്പിച്ച ഗോൾഡ് ബോണ്ടിലൂടെ ലഭിച്ചത് 822 കോടി രൂപയാണ്. 1,773 കിലോഗ്രാം മതിക്കുന്ന ബോണ്ടുകളാണ് വിറ്റഴിച്ചത്. ഇത്തവണ അക്ഷയതൃതീയയ്ക്ക് ലോക്ക്ഡൗൺ മൂലം സ്വർണക്കടകൾ അടഞ്ഞുകിടന്നത് ഗോൾഡ് ബോണ്ടിലേക്ക് ഉപഭോക്താക്കളെ ആകർഷിച്ചു.

സ്വർണക്കടകൾ ഓൺലൈൻ ബുക്കിംഗ് സൗകര്യം സജ്ജമാക്കിയിരുന്നെങ്കിലും വിതരണം വൈകുന്നതും സ്വർണ ബോണ്ടിന് നേട്ടമായി. ഗോൾഡ് എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടിനേക്കാൾ (ഗോൾഡ് ഇ.ടി.എഫ്) കൂടുതൽ നിക്ഷേപം കേന്ദ്രസർക്കാരിന്റെ ഗോൾഡ് ബോണ്ട് സ്‌കീമിന് കിട്ടിയെന്നതും ശ്രദ്ധേയമാണ്. ഗോൾഡ് ഇ.ടി.എഫിലേക്ക് മാർച്ചിൽ ഒഴുകിയത് 194 കോടി രൂപയാണ്.

കഴിഞ്ഞവർഷം അക്ഷയതൃതീയയ്ക്ക് ഇന്ത്യയിൽ 30 ടൺ സ്വർണം വിറ്റഴിഞ്ഞിരുന്നു. ഇക്കുറി ബുക്കിംഗ് ഓൺലൈനിൽ ആയിരുന്നെങ്കിലും വിറ്റുപോയത്, മുൻവർഷത്തെ വില്‌പനയുടെ പത്തു ശതമാനത്തിൽ താഴെ സ്വർണം മാത്രമാണ്. യൂണിറ്റൊന്നിന് 43,390 രൂപ വച്ചായിരുന്നു ഇത്തവണ ഗോൾഡ് ബോണ്ട് വില്‌പന.

2015 നവംബറിലാണ് കേന്ദ്രസർക്കാർ ആദ്യമായി ഗോൾഡ് ബോണ്ട് അവതരിപ്പിച്ചത്. രാജ്യത്ത്, സ്വർണം വാങ്ങി, വെറുതേ വയ്ക്കുന്നത് ഒഴിവാക്കുകയും, തത്തുല്യമായ തുക വിപണിയിലിറക്കി സജീവമാക്കുന്നതും ലക്ഷ്യമിടുന്ന പദ്ധതിയാണിത്. 2.5 ശതമാനം പലിശയാണ് നിക്ഷേപകന് ലഭിക്കുക. പലിശനിരക്ക് ആകർഷകമല്ലെങ്കിലും ഗോൾഡ് ബോണ്ടിന് സ്വീകാര്യതയുണ്ടെന്ന് കഴിഞ്ഞമാസത്തെ കണക്ക് വ്യക്തമാക്കുന്നു.

വലിയ വില്‌പനകൾ

(വില്പന വരുമാനം കോടിയിൽ)

₹40,000

ഇതിനകം 38 തവണ കേന്ദ്രസർക്കാർ ഗോൾഡ് ബോണ്ട് വില്‌പന നടത്തി. അതിൽ, 34 തവണയും യൂണിറ്റുകൾക്ക് വില 40,000 രൂപയ്ക്ക് താഴെയായിരുന്നു.