fact

കൊച്ചി: ലോക്ക്ഡൗണിൽ ഇളവുകൾ ലഭിച്ചതിന്റെ ചുവടുപിടിച്ച് കേന്ദ്ര പൊതുമേഖലാ വളം നിർമ്മാണ കമ്പനിയായ ഫാക്‌ട്, വീണ്ടും ഉത്‌പാദനം ആരംഭിച്ചു. മാർച്ച് പകുതിയോടെ നിറുത്തിവച്ച ഉത്‌പാദനമാണ് പുനരാരംഭിച്ചത്. ചരക്ക് ട്രെയിനുകൾ ഓടുന്നതും റോഡ് മുഖേന ചരക്കുനീക്കത്തിന് തടസമില്ലെന്നതും ഉത്‌പാദനത്തിന് അനുകൂലമാണ്. എറണാകുളം ഉദ്യോഗമണ്ഡലിലെ പ്ളാന്റ് കഴിഞ്ഞമാസം രണ്ടാംപകുതിയോടെ തന്നെ വീണ്ടും തുറന്നു.

കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) റെക്കാഡ് വില്‌പന നേട്ടം ഫാക്‌ട് കുറിച്ചിരുന്നു. മൊത്തം വില്‌പന 18 വർഷത്തെ ഉയരമായ 11.17 ലക്ഷം ടണ്ണിലെത്തി. 8.44 ലക്ഷം ടണ്ണാണ് ഫാക്‌ടംഫോസിന്റെ വില്പന. ഇത് സർവകാല റെക്കാഡാണ്. 2.21 ലക്ഷം അമോണിയും സൾഫേറ്റും വിറ്റഴിച്ചു. 19 വർഷത്തിനിടെയിലെ ഏറ്റവും ഉയർന്ന വില്‌പനയാണിത്. 2,740 കോടി രൂപയാണ് കഴിഞ്ഞവർഷത്തെ വില്പന വരുമാനം. വർദ്ധന 40 ശതമാനം. പശ്‌ചിമ ബംഗാളിലും മഹാരാഷ്‌ട്രയിലും ഫാക്‌ട് കഴിഞ്ഞവർഷം പുതുതായി സാന്നിദ്ധ്യമറിയിച്ചിരുന്നു. ഗുജറാത്തിലും ഒഡീഷയിലും വൈകാതെ വിപണി സാന്നിദ്ധ്യം അറിയിക്കും.