health

കൊച്ചി: കേന്ദ്ര ബഡ്‌ജറ്റിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം കൂട്ടേണ്ടത് അനിവാര്യമാണെന്ന് വ്യക്തമാക്കുന്നതാണ് കൊവിഡിനെതിരെ രാജ്യം നടത്തുന്ന പോരാട്ടമെന്ന് ആയുഷ് ഭാരത് സി.ഇ.ഒ ഡോ. ഇന്ദു ഭൂഷൺ പറഞ്ഞു. സ്വകാര്യ ആരോഗ്യമേഖലയിൽ കൊവിഡ് സൃഷ്‌ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്‌ട്രി (ഫിക്കി) കേരള ഘടകം സംഘടിപ്പിച്ച വെബിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ജി.ഡി.പിയുടെ 1.25 ശതമാനം മാത്രമാണ് കേന്ദ്ര ബഡ്‌ജറ്രിൽ ആരോഗ്യ മേഖലയ്ക്കുള്ള വിഹിതം. ഇനിയുള്ള ബഡ്‌ജറ്റുകളിൽ ഇത് ഗണ്യമായി വർദ്ധിപ്പിക്കണം. കൊവിഡിനെതിരായ പോരാട്ടത്തിൽ സ്വകാര്യ മേഖലയ്ക്കും മികച്ച പങ്കുവഹിക്കാനാകും. ടെലിമെഡിസിൻ, വിർച്വൽ കൺസൾട്ടേഷൻ തുടങ്ങിയ നൂതന മാർഗങ്ങൾ സ്വകാര്യ ആശുപത്രികൾ പ്രയോജനപ്പെടുത്തണം.

മാതൃകാപരമായാണ് കേരളം കൊവിഡിനെ തടഞ്ഞുനിറുത്തിയത്. ഇത് ഒരു കേസ് സ്‌റ്റഡിയായി എടുക്കാമെന്നും അദ്ദേഹം പറഞ്ഞു. കേരള ആയുഷ് വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമ്മിള മേരി ജോസഫ്, സംസ്ഥാന പ്ലാനിംഗ് ബോർഡ് മുൻ അംഗം ജി. വിജയരാഘവൻ, ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ ചെയർമാൻ ഡോ.കെ.ജി. അലക്‌സാണ്ടർ, എണസ്‌റ്ര് ആൻഡ് യംഗ് ഹെൽത്ത് കെയർ പാർട്‌ണർ കൽവാൻ മൊവദുള്ള, ഫിക്കി കേരള കൗൺസിൽ കോ-ചെയർമാൻ ഡോ.എം.ഐ. സഹദുള്ള, ഫിക്കി കേരള ഹെഡ് സാവിയോ മാത്യു എന്നിവർ സംസാരിച്ചു.