ന്യൂഡൽഹി: കൊവിഡിനെ തുരത്താൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ, മാർച്ചിൽ ക്രൂഡോയിൽ ഇറക്കുമതി കുറിച്ചത് നേരിയ വളർച്ച മാത്രം. 2019 മാർച്ചിനെ അപേക്ഷിച്ച് 1.8 ശതമാനം മാത്രമാണ് വർദ്ധന. 19.52 മില്യൺ ടണ്ണാണ് മാർച്ചിലെ ഇറക്കുമതിയെന്ന് പെട്രോളിയം പ്ലാനിംഗ് ആൻഡ് അനാലിസിസ് സെല്ലിന്റെ (പി.പി.എ.സി) കണക്ക് വ്യക്തമാക്കി. ഫെബ്രുവരിയിൽ ഇറക്കുമതി ഒമ്പത് ശതമാനം ഉയർന്നിരുന്നു.
എണ്ണ ഉത്‌പന്നങ്ങളുടെ ഇറക്കുമതി ഏഴ് ശതമാനം ഉയർന്ന് 3.92 മില്യൺ ടണ്ണിലെത്തി. 2019 ജനുവരിക്ക് ശേഷമുള്ള ഏറ്റവും താഴ്‌ന്ന വളർച്ചയാണിത്. ഇന്ത്യയിൽ ക്രൂഡോയിൽ സംസ്‌കരണം മാർച്ചിൽ 5.7 ശതമാനം കുറവ് രേഖപ്പെടുത്തിയിരുന്നു. മാർച്ചിലും ഏപ്രിലിലും റീട്ടെയിൽ ഇന്ധനവില്‌പന റെക്കാഡ് താഴ്‌ചയിലാണ്. 2019-20ലെ മൊത്തം ഇന്ധനവില്പന രണ്ടു പതിറ്രാണ്ടിലെ ഏറ്റവും കുറവുമാണ്.
7.4%
ഇന്ത്യയിൽ നിന്നുള്ള ക്രൂഡ് ഉത്പന്ന കയറ്റുമതി മാർച്ചിൽ രേഖപ്പെടുത്തിയത് 7.4 ശതമാനം വളർച്ച.
ഫെബ്രുവരിയിൽ 21.4 ശതമാനം വളർന്ന സ്ഥാനത്താണിത്.
ഡീസൽ : കയറ്റുമതി ഇടിവ് 11.7%
പെട്രോൾ : 5.2%