തിരുവനന്തപുരം: ലോക്ക് ഡൗണിനെ തുടർന്ന് കേരള പൊലീസ് ആരംഭിച്ച 'ഒരു വയറൂട്ടാം' സൗജന്യ ഭക്ഷണ വിതരണ പദ്ധതിക്ക് സമാപനം. 40 ദിവസം കൊണ്ട് സംസ്ഥാനത്താകെ 4,45,611 ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. പദ്ധതിയിലൂടെ ഇതുവരെ 27,444 പേർക്ക് പലവ്യഞ്ജന കിറ്റുകളും വിതരണം ചെയ്തു. ലോക്ക് ഡൗണിന്റെ ആദ്യ ദിവസം തിരുവനന്തപുരം നഗരത്തിൽ യാചകരായ 125 പേർക്ക് ഭക്ഷണം വിതരണം ചെയ്തുകൊണ്ടായിരുന്നു പദ്ധതിക്ക് തുടക്കം. ആവശ്യക്കാർ കൂടിയതോടെ പദ്ധതി വിപുലീകരിച്ചു. സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ സംസ്ഥാനതല നോഡൽ ഓഫീസർ കൂടിയായ ഐ.ജി പി. വിജയന്റെ ആശയത്തിൽ വിരിഞ്ഞ പദ്ധതിയിലൂടെ സംസ്ഥാനത്ത് 25 കേന്ദ്രങ്ങളിലൂടെയാണ് ഭക്ഷണം ലഭ്യമാക്കിയത്.
ഡി.ജി.പി ലോക്‌നാഥ് ബെഹ്റയുടെ നിർദേശപ്രകാരമാണ് പദ്ധതി വിവിധ ജില്ലകളിലേക്ക് വ്യാപിപ്പിച്ചത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, ഔർ റെസ്‌പോൺസിബിലിറ്റി ടു ചിൽഡ്രൻ, ലൂർദ് ഇൻസ്റ്റിറ്റ്യൂഷൻ, അജുവ കാറ്ററേഴ്സ് തുടങ്ങിയ സ്ഥാപനങ്ങളും പദ്ധതി നടത്തിപ്പിന് പൊലീസിനെ സഹായിച്ചു.
അനന്തപുരി ഓഡിറ്റോറിയത്തിൽ നടന്ന പദ്ധതിയുടെ സമാപന ചടങ്ങിൽ മന്ത്രി കടകംപളളി സുരേന്ദ്രൻ പങ്കെടുത്തു. പൊലീസ് സേനയെ കേരള പത്രപ്രവർത്തക യൂണിയൻ ആദരിച്ചു.