super-market

കൊച്ചി: കൊവിഡിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി കേന്ദ്രസർക്കാർ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് മാർച്ചിൽ രാജ്യത്തെ സൂപ്പർ മാർക്കറ്റുകളിൽ ദൃശ്യമായത് റെക്കാഡ് വില്‌പന. പരിഭ്രാന്തിയുടെ കച്ചവടം സൂപ്പർ മാർക്കറ്റുകൾക്ക് മാർച്ചിൽ സമ്മാനിച്ചത്, നിലവിലെ റെക്കാഡിനേക്കാൾ 15-20 ശതമാനം വരെ വർദ്ധനയാണ്. ഫെബ്രുവരിയിലെ കച്ചവടത്തെ അപേക്ഷിച്ച് മാർച്ചിൽ 25-30 ശതമാനം വരെ വർദ്ധനയുമുണ്ട്.

ലോക്ക്ഡൗണിന്റെ ആദ്യ ദിനങ്ങളിലും നല്ല കച്ചവടം ലഭിച്ചുവെന്ന് സൂപ്പർ മാർക്കറ്റ് കമ്പനികൾ പറയുന്നു. ഫ്യൂച്ചർ ഗ്രൂപ്പ്, മോർ, റിലയൻസ് ഫ്രഷ്, സ്‌പെൻസർസ് റീട്ടെയിൽ, നേച്ചേഴ്‌സ് ബാസ്‌കറ്ര് എന്നിവയും ഓൺലൈൻ ഗ്രോസറി സ്ഥാപനങ്ങളായ ബിഗ് ബാസ്‌കറ്ര്, ഗ്രോഫേഴ്‌സ് എന്നിവയുമാണ് റെക്കാഡ് വില്‌പന നേട്ടം കൊയ്‌തത്. ഏപ്രിലിലും മികച്ച നേട്ടം ഇവർക്ക് ലഭിച്ചു. മാർച്ച് 25നാണ് കേന്ദ്രം ദേശീയതല ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

മാർച്ചിലെ വില്‌പനയുടെ കരുത്തിൽ റിലയൻസ് റീട്ടെയിലിന്റെ ജനുവരി-മാർച്ച്പാദ വില്‌പന 44 ശതമാനം വർദ്ധിച്ച് 10,043 കോടി രൂപയിലെത്തിയിരുന്നു. ഇത് റെക്കാഡാണ്. ഏപ്രിലിൽ നടത്തേണ്ട പർച്ചേസ് പോലും പരിഭ്രാന്തിമൂലം ജനങ്ങൾ മാർച്ചിൽ നടത്തി. ഇതാണ് റെക്കാഡ് കച്ചവടത്തിന് വഴിയൊരുക്കിയത്.

കുതിക്കുന്ന കച്ചവടം

48%

ലോക്ക്ഡൗണിന്റെ ആദ്യകാലയളവിൽ സൂപ്പർ മാർക്കറ്റുകളിലെ ഉപഭോക്താക്കളുടെ ശരാശരി ബിൽ തുകയിലുണ്ടായ വർദ്ധന 48 ശതമാനമാണ്.

50%

ഫെബ്രുവരിയെ അപേക്ഷിച്ച് മാർച്ചിൽ ശരാശരി ബിൽ തുകയിലെ വർദ്ധന 30 മുതൽ 50 ശതമാനം വരെ.

40%

സാധാരണ ദീപാവലിയോട് അനുബന്ധിച്ചാണ് റീട്ടെയിൽ സൂപ്പർ മാർക്കറ്റുകളിൽ കച്ചവടം കുതിക്കാറുള്ളത്. എന്നാൽ, ഇക്കുറി ലോക്ക്ഡൗൺ പ്രമാണിച്ച് ഫെബ്രുവരിയേക്കാൾ 20-40 ശതമാനം വരെ വർദ്ധന മാർച്ചിലെ വില്പനയിലുണ്ടായി.

₹415 കോടി

ഗ്രോഫേഴ്‌സ് മാർച്ചിൽ നേടിയത് 415 കോടി രൂപയുടെ വരുമാനമാണ്. ഏപ്രിൽ, മേയ് മാസങ്ങളിലെ പ്രതീക്ഷ ഇതിനേക്കാൾ 50 ശതമാനം അധികമാണ്.

ഭക്ഷണ ഡിമാൻഡ്

സംസ്‌കരിച്ച ഭക്ഷണങ്ങൾക്കാണ് ലോക്ക്ഡൗണിൽ പ്രിയം കൂടുതൽ. മാർച്ചിൽ ഇവ നേടിയത് ഫെബ്രുവരിയേക്കാൾ ഇരട്ടി വില്‌പന.

ഇ-വിപണി: അവശ്യേതര

വസ്‌തുക്കളും വാങ്ങാം

ലോക്ക്ഡൗണിൽ ഇന്നുമുതൽ ലഭിക്കുന്ന ഇളവുകൾക്ക് അനുസൃതമായി അവശ്യേതര വസ്‌തുക്കളും ലഭ്യമാക്കാനുള്ള നടപടികൾ പ്രമുഖ ഇ-കൊമേഴ്‌സ് സ്ഥാപനങ്ങളായ ഫ്ളിപ്‌കാർട്ടും ആമസോണും കൈക്കൊണ്ടിട്ടുണ്ട്. ഗ്രീൻ, ഓറഞ്ച് സോണുകളിൽ മാത്രമേ ഇവ ലഭിക്കൂ. റെഡ് സോണുകൾ ഓറഞ്ചോ ഗ്രീനോ ആയി മാറുന്ന മുറയ്ക്ക് അവിടങ്ങളിലും അവശ്യേതര വസ്‌തുക്കളുടെ ഡെലിവറി നടത്തും.