bad-loans

കൊച്ചി: പൊതുമേഖലാ ബാങ്കുകളായ ബാങ്ക് ഒഫ് ബറോഡ, ഇന്ത്യൻ ബാങ്ക് എന്നിവയുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി (എൻ.പി.എ) അഥവാ കിട്ടാക്കടം കഴിഞ്ഞ ആറുവർഷത്തിനിടെ കുതിച്ചുയർന്നുവെന്ന് വിവരാവകാശ റിപ്പോർട്ട്. ബാങ്ക് ഒഫ് ബറോഡയുടെ കിട്ടാക്കടം ആറു മടങ്ങ് വർദ്ധിച്ച് 73,140 കോടി രൂപയായി. ഇന്ത്യൻ ബാങ്കിന്റേത് നാലു മടങ്ങ് ഉയർന്ന് 32,561.26 കോടി രൂപയിലെത്തി. കഴിഞ്ഞ ഡിസംബർ വരെയുള്ള കണക്കാണിത്.

2014 മാർച്ചിലെ 11,876 കോടി രൂപയിൽ നിന്നാണ് ബാങ്ക് ഒഫ് ബറോഡയുടെ കിട്ടാക്കടത്തിന്റെ കുതിപ്പ്. ഇതേമാസം ഇന്ത്യൻ ബാങ്കിന്റെ കിട്ടാക്കടം 8,068.05 കോടി രൂപയായിരുന്നു. ഇക്കാലയളവിൽ ബാങ്ക് ഒഫ് ബറോഡയുടെ എൻ.പി.എ അക്കൗണ്ടുകളുടെ എണ്ണം 2.08 ലക്ഷത്തിൽ നിന്ന് 6.17 ലക്ഷത്തിലേക്കും ഇന്ത്യൻ ബാങ്കിലേത് 2.48 ലക്ഷത്തിൽ നിന്ന് 5.64 ലക്ഷത്തിലേക്കും ഉയർന്നു. രാജസ്ഥാനിലെ കോട്ട സ്വദേശിയായ സുജീത് സ്വാമി എന്ന വിവരാവകാശ പ്രവർത്തകനാണ് കിട്ടാക്കടം സംബന്ധിച്ച ചോദ്യമുന്നയിച്ചത്. മറ്റു ചില പൊതുമേഖലാ ബാങ്കുകളോടും അദ്ദേഹം കിട്ടാക്കടത്തെ കുറിച്ച് വിവരാവകാശ പ്രകാരം ചോദിച്ചിരുന്നു. ഇതുവരെ മറുപടി കിട്ടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.