investment

കൊച്ചി: കൊവിഡ് ഭീതിയും ലോക്ക്ഡൗണും ആഗോള സമ്പദ്‌വളർച്ചയ്ക്കുമേൽ വിതയ്ക്കുന്ന ആശങ്കയുടെ ചുവടുപിടിച്ച്, ഇന്ത്യൻ മൂലധന വിപണിയിൽ നിന്നുള്ള വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകരുടെ (എഫ്.പി.ഐ) ഏപ്രിലിലും തുടർന്നു. 15,403 കോടി രൂപയാണ് അവർ ഏപ്രിലിൽ പിൻവലിച്ചത്. ഇതിൽ 8,519 കോടി രൂപ കടപ്പത്ര വിപണിയിൽ നിന്നും 6,884 കോടി രൂപ ഓഹരി വിപണിയിൽ നിന്നുമാണ്. മാർച്ചിൽ 1.10 ലക്ഷം കോടി രൂപയുടെ റെക്കാഡ് നഷ്‌ടമാണ് വിദേശ നിക്ഷേപത്തിലുണ്ടായത്.

അതേസമയം, കഴിഞ്ഞവാരം ഇന്ത്യയിലെ ഏറ്റവും മൂല്യമേറിയ പത്തുകമ്പനികൾ ചേർന്ന് ഓഹരിമൂല്യത്തിൽ 3.10 ലക്ഷം കോടി രൂപയുടെ നേട്ടമെഴുതി. ടി.സി.എസിന്റെ മൂല്യം 73,753 കോടി രൂപ വർദ്ധിച്ച് 7.56 ലക്ഷം കോടി രൂപയായി. 58,499 കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ നേട്ടം. മൊത്തം മൂല്യം 3.32 ലക്ഷം കോടി രൂപ. എച്ച്.ഡി.എഫ്.സി ബാങ്കിന്റെ മൂല്യം 35,213 കോടി രൂപ ഉയർന്ന് 5.49 ലക്ഷം കോടി രൂപയായി. റിലയൻസ് ഇൻഡസ്ട്രീസിന്റെ നേട്ടം 31,506 കോടി രൂപയാണ്. മൂല്യം 9.30 ലക്ഷം കോടി രൂപയിലെത്തി.

ഐ.സി.ഐ.സി.ഐ ബാങ്കിന്റെ മൂല്യം 29,180 കോടി രൂപ വർദ്ധിച്ച് 2.45 ലക്ഷം കോടി രൂപയായി. 24,583.9 കോടി രൂപയുടെ നേട്ടമുണ്ടാക്കിയ ഇൻഫോസിസിന്റെ മൂല്യം 3.05 ലക്ഷം കോടി രൂപ. 2.59 ലക്ഷം കോടി രൂപയുടെ മൂല്യമുള്ള കോട്ടക് മഹീന്ദ്ര ബാങ്കിന്റെ നേട്ടം 22,334 കോടി രൂപ. 21,660 കോടി രൂപയുടെ നേട്ടം ഹിന്ദുസ്ഥാൻ യൂണിലിവറും കുറിച്ചു; ആകെ മൂല്യം 5.15 ലക്ഷം കോടി രൂപ. ഭാരതി എയർടെൽ 10,911 കോടി രൂപയുടെയും ഐ.ടി.സി 2,642 കോടി രൂപയുടെയും നേട്ടമുണ്ടാക്കി. മൂല്യം യഥാക്രമം 2.80 ലക്ഷം കോടി രൂപ, 2.23 ലക്ഷം കോടി രൂപ.