gdp

ന്യൂഡൽഹി: ലോക്ക്ഡൗണിൽ സാമ്പത്തിക ഇടപാടുകൾ മുന്തിയപങ്കും നിശ്ചലമായതിനാൽ നടപ്പുവർഷത്തെ (2020-21) ഏപ്രിൽ-ജൂൺ പാദത്തിൽ മൊത്ത ആഭ്യന്തര ഉത്‌പാദന (ജി.ഡി.പി) വളർച്ച രണ്ടുശതമാനത്തിൽ കൂടില്ലെന്ന് കരുതുന്നതായി കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.വി. സുബ്രഹ്‌മണ്യൻ പറഞ്ഞു. വ്യവസായ-വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തനം പുനരാരംഭിക്കുമെന്നതിനാൽ രണ്ടാംപാദമായ ജൂലായ്-സെപ്‌തംബറിൽ വളർച്ച മെച്ചപ്പെടും.

രണ്ടാംപാദത്തിൽ ഉത്‌പന്ന വിതരണ ശൃംഖല സാധാരണനിലയിലെത്തും. കുടിയേറ്റ തൊഴിലാളികൾ തിരികെ ജോലിയിൽ പ്രവേശിക്കുന്നതും ഉണർവാകും. ലോക്ക്ഡൗണിലെ തൊഴിൽ നഷ്‌ടം കൃത്യമായി തിട്ടപ്പെടുത്തുക ബുദ്ധിമുട്ടാണ്. എന്നാൽ, നല്ല കമ്പനികളെല്ലാം ജീവനക്കാരെ നിലനിറുത്തുമെന്നാണ് പ്രതീക്ഷ. വേതനം ചെറിയ തോതിൽ കുറച്ചുകൊണ്ടാണെങ്കിലും കമ്പനികൾ പ്രവർത്തനം പുനരാരംഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

കൊവിഡും ലോക്ക്ഡൗണും മൂലം ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന തളർച്ച ഇന്ത്യയുടെ കയറ്റുമതി വരുമാനത്തെ ബാധിച്ചേക്കാം. എന്നാൽ, ഇന്ത്യൻ കമ്പനികൾ പ്രവർത്തനശൈലി തന്നെ മാറ്റേണ്ട ഒരു അവസരമാണ് ഇപ്പോഴുണ്ടായത്. അത്യാധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി ആഗോള കമ്പനികളോട് മത്സരിക്കാൻ ശ്രമിക്കണം. ഒട്ടേറെ രാജ്യാന്തര കമ്പനികൾ ചൈനയിൽ നിന്ന് കൂടൊഴിയാൻ ശ്രമിക്കുന്നു. മാനുഫാക്‌ചറിംഗ് ഹബ്ബായി മാറുകയെന്ന ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഏറെ അനുകൂലമായ സാഹചര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.

2019-20ലെ സമാനപാദത്തിൽ ഇന്ത്യ വളർന്നത് അഞ്ചു ശതമാനമാണ്. അതാകട്ടെ, ആറുവർഷത്തിനിടയിലെ ഏറ്റവും മോശം വളർച്ചയായിരുന്നു. 2018-19ലെ സമാനപാദത്തിൽ വളർച്ച എട്ട് ശതമാനമായിരുന്നു.

നടപ്പുവർഷം ഏപ്രിൽ-ജൂൺപാദത്തിൽ ജി.ഡി.പി വളർച്ച മൈനസ് 20 ശതമാനം വരെ കൂപ്പുകുത്തിയേക്കാമെന്ന് ആഭ്യന്തര റേറ്രിംഗ് ഏജൻസിയായ ഇക്ര വിലയിരുത്തുന്നു. 2020-21 സമ്പദ്‌വർഷത്തിൽ വളർച്ച മൈനസ് രണ്ടു ശതമാനത്തിലേക്കും ഇടിയാം. ഇക്ര നേരത്തേ വിലയിരുത്തിയിരുന്നത് നടപ്പുവർഷം വളർച്ച ഒരു ശതമാനത്തിൽ ഒതുങ്ങുകയോ മൈനസ് ഒരു ശതമാനത്തിലേക്ക് ഇടിയുകയോ ചെയ്യുമെന്നായിരുന്നു.