ന്യൂഡൽഹി: ഫേസ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള ചാറ്രിംഗ് ആപ്പായ വാട്‌സ്ആപ്പ്, ഇന്ത്യയിൽ പണമിടപാട് സേവനത്തിന് ഈമാസം തുടക്കമിട്ടേക്കും. വാട്‌സ്ആപ്പ് പേയുമായി ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നീ സ്വകാര്യ ബാങ്കുകൾ സഹകരിക്കുന്നുണ്ട്. എന്നാൽ, ആദ്യഘട്ട പ്രവർത്തനത്തിൽ പങ്കാളിയാവില്ലെന്ന് എസ്.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്.
വാട്‌സ്ആപ്പ് മുഖേനയുള്ള പേമെന്റുകൾ ഡിജിറ്റൽ പണമിടപാടുകൾക്ക് കൂടുതൽ കരുത്താകുമെന്നും കൊവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്‌ചാത്തലത്തിൽ ഇതിന് ഏറെ പ്രസക്‌തിയുണ്ടെന്നുമാണ് വാട്‌സ്ആപ്പ് അധികൃതരുടെ പ്രതികരണം. ഇന്ത്യയിൽ 40 കോടിയിലേറെ ഉപഭോക്താക്കൾ വാട്‌സ്ആപ്പിനുണ്ട്. വാട്‌സ്ആപ്പ് പേയുടെ പരീക്ഷണഘട്ടത്തിൽ എസ്.ബി.ഐയും പങ്കാളിയാണ്. എന്നാൽ, ഉപഭോക്താക്കൾക്കായി കൂടുതൽ സൗകര്യം ഒരുക്കേണ്ടതിനാലും ഒട്ടേറെ അനുമതികൾ ലഭിക്കേണ്ടതുള്ളതിനാലും വാട്‌സ്ആപ്പ് പേയുടെ ആദ്യഘട്ട പ്രവർത്തനത്തിൽ സഹകരിക്കാനാവില്ലെന്ന് എസ്.ബി.ഐ അറിയിച്ചിട്ടുണ്ട്.
എന്നാൽ, ഏറെ വൈകാതെ തന്നെ എസ്.ബി.ഐയും വാട്‌സ്ആപ്പ് പേ ശൃംഖലയിൽ പങ്കുചേരും. ഇന്ത്യയിലെ 40 കോടി ഉപഭോക്താക്കളിൽ 10 കോടിപ്പേരെ പേമെന്റ് സർവീസിലേക്ക് ആകർഷിക്കുകയാണ് വാട്‌സ്‌ആപ്പ് പേയുടെ പ്രാഥമിക ലക്ഷ്യം.