
ന്യൂഡൽഹി: ലോക്ക്ഡൗണിന് തുടക്കമായ മാർച്ച് 25 മുതൽ ഇതിനകം ഇന്ത്യയുടെ റീട്ടെയിൽ മേഖല നേരിട്ട നഷ്‌ടം ഏകദേശം 5.50 ലക്ഷം കോടി രൂപ. ഏഴ് കോടിയോളം വ്യാപാരികളാണ് ഇന്ത്യൻ റീട്ടെയിൽ രംഗത്തുള്ളത്. ഇവരിൽ 20 ശതമാനത്തോളം പേർ കനത്ത സാമ്പത്തിക ബാദ്ധ്യതമൂലം ഇതിനകം എന്നന്നേക്കുമായി കച്ചവടം നിറുത്തിയെന്നും കോൺഫെഡറേഷൻ ഒഫ് ഓൾ ഇന്ത്യ ട്രേഡേഴ്‌സ് (സി.എ.ഐ.ടി) വ്യക്തമാക്കി.
റീട്ടെയിൽ മേഖലയ്ക്കായി പ്രത്യേക രക്ഷാപാക്കേജ് വേണെമെന്നാണ് സി.എ.ഐ.ടിയുടെ ആവശ്യം. പ്രതിദിനം 15,000 കോടി രൂപയുടെ വില്‌പനയാണ് ഇന്ത്യൻ റീട്ടെയിൽ രംഗത്ത് നടന്നിരുന്നതെന്ന് സി.എ.ഐ.ടി സെക്രട്ടറി ജനറൽ പ്രവീൺ ഖണ്ടേൽവാൽ പറഞ്ഞു. 1.5 കോടി വ്യാപാരികളാണ് ലോക്ക്ഡൗണിലെ സമ്പദ്‌ഞെരുക്കം മൂലം എന്നന്നേക്കുമായി കച്ചവടം ഉപേക്ഷിച്ചത്. ഇവരെ ആശ്രയിച്ച് പ്രവർത്തിച്ചിരുന്ന മറ്റ് 75 ലക്ഷത്തോളം വരുന്ന വ്യാപാരികളും അടച്ചുപൂട്ടലിന്റെ വക്കിലാണ്. രണ്ടരക്കോടിയോളം വ്യാപാരികൾ സൂക്ഷ്‌മ-ചെറുകിട വിഭാഗക്കാരാണ്. ഇത്രയും ദീർഘമായ ലോക്ക്ഡൗൺ ഇവർക്ക് താങ്ങാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
കടകൾ പൂട്ടിയിരിക്കുകയാണെങ്കിലും ജീവനക്കാരുടെ വേതനം വ്യാപാരികൾ നൽകുന്നുണ്ട്. വാടകയും മറ്ര് പ്രതിമാസ ചെലവുകളും വഹിക്കുന്നുണ്ട്. ലോക്ക്ഡൗൺ പിൻവലിച്ചാലും സാമൂഹിക അകലം പോലെയുള്ള നിയന്ത്രണങ്ങൾ ദീർഘകാലം തുടരും. വിപണി, സാധാരണ നിലയിലെത്താൻ 6-9 മാസമെങ്കിലും എടുക്കും. റീട്ടെയിൽ മേഖലയെയും മാന്ദ്യത്തിന്റെ പിടിയിലായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും കരകയറ്രാൻ മികച്ച നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ അത്, കൊവിഡിനേക്കാൾ വലിയ ദുരന്തമായിരിക്കും സൃഷ്‌ടിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
''ഇന്ത്യയിൽ രണ്ടരക്കോടിയോളം വ്യാപാരികൾ സൂക്ഷ്‌മ-ചെറുകിട വിഭാഗക്കാരാണ്. ഇത്രയും ദീർഘമായ ലോക്ക്ഡൗൺ അവർക്ക് താങ്ങാനാവില്ല. റീട്ടെയിൽ മേഖലയെയും മാന്ദ്യത്തിന്റെ പിടിയിലായ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും കരകയറ്രാൻ മികച്ച നടപടികൾ സർക്കാർ കൈക്കൊണ്ടില്ലെങ്കിൽ അത്, കൊവിഡിനേക്കാൾ വലിയ ദുരന്തമായിരിക്കും സൃഷ്‌ടിക്കുക""
പ്രവീൺ ഖണ്ടേൽവാൽ,
സെക്രട്ടറി ജനറൽ, സി.എ.ഐ.ടി
കുതിച്ചുയർന്ന്
തൊഴിലില്ലായ്മ നിരക്ക്
ലോക്ക്ഡൗണിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യയിലെ തൊഴിലില്ലായ്‌മ നിരക്ക് മേയ് മൂന്നിന് സമാപിച്ച വാരത്തിൽ 27.1 ശതമാനമായി കുതിച്ചുയർന്നുവെന്ന് സെന്റർ ഫോർ മോണിട്ടറിംഗ് ഇന്ത്യൻ എക്കണോമി (സി.എം.ഐ.ഇ) എന്ന ഗവേഷണ ഏജൻസിയുടെ റിപ്പോർട്ട് വ്യക്തമാക്കി.
കഴിഞ്ഞമാസം 12.20 കോടി പേർക്കാണ് തൊഴിൽ നഷ്‌ടമായത്. ലോക്ക്ഡൗണിൽ ഒട്ടുമിക്ക ബിസിനസ് മേഖലകളും അടച്ചുപൂട്ടിയത് തൊഴിൽ നഷ്‌ടത്തിന് ഇടയാക്കി. കൊവിഡ് പശ്‌ചാത്തലത്തിൽ അമേരിക്കയിൽ തൊഴിൽ നഷ്‌ടമായത് മൂന്നു കോടിപ്പേർക്കാണ്. ഇതിന്റെ നാലിരട്ടിയാണ് ഇന്ത്യയിലെ കണക്ക്. ലോക്ക്ഡൗൺ നീളുന്തോറും തൊഴിൽ നഷ്‌ടപ്പെടുന്നവരുടെ എണ്ണവും കൂടുമെന്നും റിപ്പോർട്ടിലുണ്ട്.