xiaomi

ന്യൂഡൽഹി: ചൈനീസ് സ്‌മാർട്ഫോൺ കമ്പനിയായ ഷവോമി, ഇന്ത്യയിൽ ഇ-കൊമേഴ്‌സ് സേവനത്തിന് ഈവാരം തുടക്കമിടും. ലോക്ക്ഡൗണിൽ പുറത്തിറങ്ങാതെ ജനം വീട്ടിൽ ഇരിക്കുന്ന പശ്‌ചാത്തലത്തിലാണ് ഇ-വിപണിയിലേക്ക് ഷവോമി ചുവടുവയ്ക്കുന്നത്.

'മി കൊമേഴ്‌സ്" എന്നാണ് പുതിയ സംരംഭത്തിന്റെ പേര്. ഉപഭോക്താവിന് വീടിന് സമീപത്തെ ഷവോമി റീട്ടെയിൽ സ്‌റ്രോറിൽ ലഭ്യമായ ഉത്‌പന്നങ്ങൾ ഓൺലൈനിലൂടെ തിരഞ്ഞെടുത്ത് ബുക്ക് ചെയ്യാം. പണവും ഓൺലൈനിൽ അടയ്ക്കാം. കുറഞ്ഞസമയത്തിനകം ഉത്‌പന്നം സ്‌റ്രോറിൽ നിന്ന് വീട്ടിലെത്തിക്കും. അഖിലേന്ത്യാ തലത്തിൽ പദ്ധതി അവതരിപ്പിക്കാനാണ് ഷവോമിയുടെ തീരുമാനം. സംരംഭം വിജയിച്ചാൽ, ലോക്ക്ഡൗണിന് ശേഷവും തുടരും.

എന്തുകൊണ്ട്

മി-കൊമേഴ്‌സ്?

റീട്ടെയിൽ ഷോപ്പുകൾ അടച്ചിട്ടത് സ്‌മാർട്ഫോൺ വില്പനയെ ബാധിച്ചു. ഫ്ളിപ്കാർട്ടും ആമസോണും അവശ്യേതര വസ്‌തുക്കളുടെ വില്പന നിറുത്തിയതും തിരിച്ചടിയായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ച പശ്‌ചാത്തലത്തിലാണ് ഓൺലൈൻ വില്പനയിലേക്ക് കമ്പനി നേരിട്ട് കടക്കുന്നത്.

30%

നിലവിൽ 30 ശതമാനം വിപണി വിഹിതവുമായി ഇന്ത്യയിലെ ഏറ്റവും വലിയ സ്‌മാർട്ഫോൺ കമ്പനിയാണ് ഷവോമി. മാതരാജ്യമായ ചൈന കഴിഞ്ഞാൽ ഷവോമിയുടെ ഏറ്രവും വലിയ വിപണി ഇന്ത്യയാണ്.