ന്യൂഡൽഹി: ലോകത്തെയാകെ വിറപ്പിച്ച് താണ്ഡവമാടുന്ന കൊവിഡിനെ പ്രവർത്തനശൈലി പൂർണമായി മാറ്റാനുള്ള പാഠമായി കാണുകയാണ് വിമാനത്താവളങ്ങൾ. ലോക്ക്ഡൗണിന് ശേഷം പ്രവർത്തനം തുടങ്ങുമ്പോൾ പതിവ് രീതികളൊക്കെ മാറും. യാത്രക്കാരൻ വിമാനത്താവളത്തിൽ ആദ്യ ചുവടുവയ്ക്കുമ്പോഴും പറന്നിറങ്ങി, വെളിയിലേക്ക് പോകുമ്പോഴും ഇനി തെർമൽ സ്കാനിംഗ് ഉണ്ടാകും.
വിമാനത്താവളത്തിൽ പ്രത്യേകം നിശ്ചയിച്ച ഇടത്ത് മാത്രമേ വിശ്രമിക്കാനാകൂ. ചെക്ക്-ഇൻ കൗണ്ടറിലും ഭക്ഷണശാലകളിലും സാമൂഹിക അകലം പാലിക്കണം. വിമാനം പുറപ്പെടുന്നതിന് കുറഞ്ഞത് മൂന്നു മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്യേണ്ടി വരും. തോന്നുംപടി ലഗേജ് അനുവദിക്കില്ല. ഒരാൾക്ക് ഒരു ബാഗേജ് മാത്രം.
വിമാനത്താവളത്തിൽ എല്ലാവരും പരസ്പരം കുറഞ്ഞത് ഒരു മീറ്രർ അകലം പാലിക്കണം. വെബ് ചെക്ക്-ഇൻ ചെയ്യാനാകും വിമാനക്കമ്പനികൾ യാത്രക്കാരോട് ആവശ്യപ്പെടുക. ഇതെല്ലാം ലോക്ക്ഡൗണിന് ശേഷം നടപ്പാക്കുന്നത് സംബന്ധിച്ച് വിമാനത്താവള കമ്പനികൾ ചർച്ച ചെയ്യുന്ന കാര്യങ്ങളാണ്. കൊവിഡ് ഭീതി പൂർണമായും വിട്ടകലുന്നതുവരെ ഇത്തരം നിയന്ത്രണങ്ങൾ തുടർന്നേക്കും.
യാത്രക്കാർക്ക് വിമാനത്തിനുള്ളിൽ മുഖാവരണവും ഗ്ളൗസും നൽകാനും നീക്കമുണ്ട്. ഇവ വിമാനത്തിനകത്ത് നിർബന്ധമായിരിക്കും. വിമാന യാത്ര ചെയ്യുന്നവർക്ക് മെഡിക്കൽ സർട്ടിഫിക്കറ്ര് നിർബന്ധമാക്കുന്നതും ചർച്ചയിലാണ്. വിമാനത്താവളത്തിനകത്ത് ഷട്ടിൽ ബസുകൾക്ക് പകരം, ഇക്കാലയളവിൽ എയറോബ്രിഡ്ജ് മാത്രമായിരിക്കും ഉപയോഗിച്ചേക്കുക.
പറക്കും മുമ്പേ
1. വിമാനത്താവളത്തിൽ കുറഞ്ഞത് 3 മണിക്കൂർ മുമ്പ് എത്തണം
2. ഒരാൾക്ക് ഒരു ബാഗേജ് മാത്രം
3. വെബ് ചെക്ക് - ഇൻ നടത്തണം
4. വിമാനത്താവളത്തിൽ സാമൂഹിക അകലം പാലിക്കണം
5. വിമാനത്തിനുള്ളിൽ മാസ്കും ഗ്ലൗസും നിർബന്ധം