tea-export

കൊച്ചി: കയറ്റുമതിയിലൂടെ ഈ വർഷം 6,000 കോടി രൂപയ്ക്കുമേൽ വരുമാനം നേടാമെന്ന തേയിലക്കൃഷി മേഖലയുടെ സ്വപ്‌നം കൊവിഡിലും ലോക്ക്ഡൗണിലും പൊലിഞ്ഞു. 2020ലെ ആദ്യ ത്രൈമാസമായ ജനുവരി-മാർച്ചിലെ അവസാന രണ്ടുമാസങ്ങളിലും കൃഷി നിർജീവമായിരുന്നു. ഇതുമൂലം വിളനാശവുമുണ്ടായി. ലോക്ക്ഡൗൺ നിയന്ത്രണങ്ങളായിരുന്നു കാരണം.

ഇപ്പോൾ നിയന്ത്രണങ്ങളിൽ ഇളവ് ലഭിച്ചെങ്കിലും 50 ശതമാനം തൊഴിലാളികൾ മാത്രമേ ജോലിക്കെത്താവൂ എന്നാണ് നിർദേശം. ആവശ്യത്തിന് തൊഴിലാളികളെ പങ്കെടുപ്പിക്കാനായില്ലെങ്കിൽ കൂടുതൽ വിളനാശം സംഭവിക്കുമെന്ന ഭീതിയും ഈ മേഖലയ്ക്കുണ്ട്. മേയിലെ വിളനാശം കൂടി ഉൾപ്പെടുത്തിയാൽ മൊത്തം നഷ്‌ടം 80 മില്യൺ കിലോഗ്രാം വരുമെന്നാണ് വിലയിരുത്തൽ.

ലോക്ക്ഡൗൺ മൂലമുണ്ടായ സമ്പദ്‌പ്രതിസന്ധിയും ഈ മേഖലയെ വലയ്ക്കുന്നുണ്ട്. തേയില ഉത്‌പാദകർക്ക് മാർച്ച് 23 മുതൽ ഏപ്രിൽ 14വരെ മാത്രമുണ്ടായ നഷ്‌ടം 1,218 കോടി രൂപയാണെന്ന് നോർത്ത് ഈസ്‌റ്രേൺ ടീ അസോസിയേഷൻ (എൻ.ഇ.ടി.എ) ഉപദേഷ്‌ടാവ് ബിദ്യാനന്ദ ബർ‌കകോടി പറഞ്ഞു.

ലോക്ക്ഡൗണിന് നല്ല കടുപ്പം

₹6,000 കോടി

ഈവർഷം (2020) കയറ്റുമതിയിലൂടെ 6,000 കോടി രൂപയ്ക്കുമേൽ വരുമാനം നേടാമെന്ന തേയില മേഖലയുടെ മോഹത്തെയാണ് കൊവിഡും ലോക്ക്ഡൗണും തട്ടിത്തെറിപ്പിച്ചത്.

₹5,610 കോടി

കഴിഞ്ഞവർഷം (2019) 248.29 മില്യൺ കിലോഗ്രാം തേയില കയറ്റുമതി ചെയ്‌ത് ഇന്ത്യ 5,610.65 കോടി രൂപ നേടിയിരുന്നു.

₹5,335 കോടി

2018ൽ ലഭിച്ച വരുമാനം 5,335.33 കോടി രൂപ. കയറ്റുമതി അളവ് 256.06 മില്യൺ കിലോഗ്രാം.

18%

മൊത്തം തേയില ഉത്‌പാദനത്തിന്റെ 18 ശതമാനമാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്. 82 ശതമാനം ഉപഭോഗം ആഭ്യന്തര വിപണിയിൽ തന്നെയാണ്.

50%

റഷ്യ ഉൾപ്പെടുന്ന കോമൺവെൽത്ത് ഒഫ് ഇൻഡിപെൻഡന്റ് രാഷ്‌ട്രങ്ങളാണ് ഇന്ത്യൻ തേയിലയുടെ ഏറ്റവും വലിയ വിപണി. ഇവർ ശരാശരി 50 മില്യൺ കിലോഗ്രാം ഇറക്കുമതി ചെയ്യുന്നു.

മറ്റു രാജ്യങ്ങൾ യഥാക്രമം ഇങ്ങനെ:

(അളവ് മില്യൺ കിലോഗ്രാമിൽ)

 ഇറാൻ : 40

 ചൈന : 12

 അമേരിക്ക : 11

 ബ്രിട്ടൻ : 10

 യു.എ.ഇ : 10

 ജർമ്മനി : 8

720 മില്യൺ കിലോഗ്രാം

കഴിഞ്ഞവർഷം ഇന്ത്യയുടെ തേയില ഉത്‌പാദനം 1325.05 മില്യൺ കിലോഗ്രാമായിരുന്നു. ഇതിൽ 720 മില്യൺ കിലോഗ്രാമും അസമിൽ ആയിരുന്നു; ഏകദേശം 52 ശതമാനം.