maruti-suzuki

കൊച്ചി: രാജ്യത്തെ ഏറ്രവും വലിയ വാഹന നിർമ്മാണ കമ്പനിയായ മാരുതി സുസുക്കി ലോക്ക്ഡൗണിലെ ഇളവുകളുടെ ചുവടുപിടിച്ച് 600 ഡീലർഷിപ്പുകൾ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് തുറന്നു. ഉപഭോക്താക്കൾക്കായി ഔട്ട്‌ലെറ്റുകളെ ബന്ധിപ്പിച്ച് സ്‌റ്രാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസിജറിനും (എസ്.ഒ.പി) ഡിജിറ്റൽ സൗകര്യത്തിനും മാരുതി തുടക്കമിട്ടിട്ടുണ്ട്. അന്വേഷണങ്ങൾക്കും മറ്റുമായി ഉപഭോക്താക്കൾക്ക് ഈ സൗകര്യം പ്രയോജനപ്പെടുത്താം. ഓൺലൈനിലൂടെ പ്രിയപ്പെട്ട വാഹനം ബുക്ക് ചെയ്യാം. വാഹനം ഷോറൂമിൽ നിന്ന് വീട്ടിലെത്തിച്ച് നൽകും.

ഉപഭോക്താക്കളുടെ സുരക്ഷയെ മുൻനിറുത്തിയാണ് ഈ നടപടികളെന്ന് മാരുതി സുസുക്കി ഇന്ത്യ മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായ കെനിചി അയുകാവ പറഞ്ഞു. രാജ്യത്ത് 1,960 നഗരങ്ങളിലായി 3,080 ഷോറൂമുകളാണ് മാരുതിക്കുള്ളത്. ഇതിൽ 474 അറീന ഔട്ട്‌ലെറ്റുകളും 80 നെക്‌സ ഡീലർഷിപ്പുകളും 54 വാണിജ്യ വാഹന ഔട്ട്‌ലെറ്റുകളുമാണ് തുറന്നത്. കൂടുതൽ ഷോറൂമുകൾ തുറക്കാൻ അതത് സംസ്ഥാന സർക്കാരുകളോട് അനുമതി തേടിയിട്ടുണ്ടെന്ന് മാർക്കറ്രിംഗ് ആൻഡ് സെയിൽസ് എക്‌സിക്യൂട്ടീവ് ഡയറക്‌ടർ ശശാങ്ക് ശ്രീവാസ്‌തവ പറഞ്ഞു.

ഉത്‌പാദനം 12 മുതൽ

മാരുതിയുടെ, ഹരിയാനയിലെ മനേസർ പ്ളാന്റിൽ ഉത്‌പാദനം മേയ് 12ന് പുനരാരംഭിക്കും. സമ്പൂർണ സുരക്ഷാ നിർദേശങ്ങൾ പാലിച്ചാണ് പ്രവർത്തനം തുടങ്ങുക. 4,696 ജീവനക്കാരെയാണ് പ്ളാന്റിൽ പ്രവേശിപ്പിക്കാനാവുക. 50 വാഹനങ്ങളും ഉപയോഗിക്കാം.