കൊച്ചി: രണ്ടുദിവസത്തെ നഷ്‌ടയാത്രയ്ക്ക് വിരാമമിട്ട് ഇന്ത്യൻ ഓഹരി സൂചികകൾ ഇന്നലെ നേട്ടത്തിലേറി. എന്നാൽ, രൂപയ്ക്ക് കരകയറാനായില്ല. 232 പോയിന്റ് ഉയർന്ന് 31,685 പോയിന്റിലാണ് സെൻസെക്‌സ് വ്യാപാരം അവസാനിപ്പിച്ചത്; നിഫ്‌റ്രി 65 പോയിന്റ് മുന്നേറി 9,270ലും. രൂപ ഡോളറിനെതിരെ 13 പൈസയുടെ നഷ്‌ടവുമായി 75.75ലേക്ക് വീണു.
ബാങ്കിംഗ്, ധനകാര്യം, വാഹന ഓഹരികളാണ് ഇന്നലെ ഓഹരി വിപണിയിൽ നേട്ടത്തിന് ചുക്കാൻ പിടിച്ചത്. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, ടാറ്രാ മോട്ടോഴ്‌സ്, ഭാരതി എയർടെൽ, അദാനി പോർട്‌സ്, സീ എന്റർടെയ്ൻമെന്റ്, ഗ്രാസിം ഇൻഡസ്‌ട്രീസ്, ഹീറോ മോട്ടോകോർപ്പ്, എച്ച്.ഡി.എഫ്.സി എന്നിവ നേട്ടം കൊയ്‌ത പ്രമുഖ ഓഹരികളാണ്. അതേസമയം, ഭാരതി ഇൻഫ്രാടെൽ, ഐ.ടി.സി., കോൾ ഇന്ത്യ, ഇന്ത്യൻ ഓയിൽ, ടി.സി.എസ്., ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ യൂണിലിവർ എന്നിവ നഷ്‌ടത്തിലേക്ക് വീണു.
കേന്ദ്രം ഇന്ധന എക്‌സൈസ് നികുതി കൂട്ടിയതാണ് എണ്ണ ഓഹരികൾക്ക് തിരിച്ചടിയായത്. നികുതി വർദ്ധന ഉണ്ടായേക്കുമെന്ന ഭീതി ഐ.ടി.സി ഓഹരികളെയും തളർത്തി. ആഗോള ഓഹരികളിലെ നേട്ടത്തിന്റെ ട്രെൻഡാണ് ഇന്ത്യൻ ഓഹരികളെ ഇന്നലെ നേട്ടത്തിലേറ്റിയത്. തിങ്കളാഴ്‌ച സെൻസെക്‌സ് 2002 പോയിന്റ് ഇടിഞ്ഞിരുന്നു. ലോക്ക്‌ഡൗൺ നീട്ടിയ തീരുമാനമാണ് തിരിച്ചടിയായത്.